രാഷ്ട്രീയത്തെ കുറിച്ചും, അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളെ കുറിച്ചുമൊക്കെ മനസ് തുറന്ന് നടൻ ഉണ്ണി മുകുനന്ദൻ. താൻ ഇതുവരെ രാഷ്ട്രീയം എവിടെയും തുറന്ന് പറഞ്ഞിട്ടൊന്നുമില്ലെന്നും, തന്നെക്കാൾ കൂടുതൽ രാഷ്ട്രീയം പറയുന്ന നടൻമാർ സുഖമായി ജീവിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് നടന്റെ പേരും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ അന്തിമ പട്ടിക വന്നപ്പോൾ ബിജെപി പരിഗണിച്ചവരുടെ പട്ടികയിൽ ഉണ്ണി മുകുന്ദൻ ഇല്ലായിരുന്നു. ഇതിൽ ഉൾപ്പെടെയാണ് നടൻ ഇന്ന് വിശദീകരണം നൽകിയത്.
‘ഞാൻ എന്റെ രാഷ്ട്രീയം എവിടെയും തുറന്ന് പറഞ്ഞിട്ടൊന്നുമില്ല. എന്നേക്കാളും കൂടുതൽ രാഷ്ട്രീയം പറയുന്ന നടൻമാർ ഇവിടെ സുഖമായി ജീവിക്കുന്നുണ്ട്. എന്നാൽ എന്നെ ഒരുപാട് ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മീഡിയാസ് ഉൾപ്പെടെ എന്നെ യൂസ് ചെയ്യുകയായിരുന്നു. ഞാൻ പലപ്പോഴും എന്നെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. രാഷ്ട്രീയം ആയിരുന്നില്ല സംസാരിച്ചത്.
രാഷ്ട്രീയം മോശമാണെന്ന കാഴ്ചപ്പാടില്ല. രാഷ്ട്രീയക്കാരോട് ബഹുമാനമുണ്ട്. നമ്മുടെ നാടിന് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന ആളുകളാണ് അവരൊക്കെ. മത്സരിക്കുന്ന എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു’ ഉണ്ണി പറഞ്ഞു. ഞാനിതുവരെ ഒരു പൊളിറ്റിക്കൽ സ്‌റ്റേറ്റ്മന്റും പറഞ്ഞിട്ടില്ല. അത് ആളുകൾക്ക് ചെലപ്പോൾ മനസിലാവാഞ്ഞിട്ടായിരിക്കാം.
എന്റെ സിനിമയെ അത് ബാധിച്ചോ എന്ന് ചോദിച്ചാൽ, ഉണ്ണി അങ്ങനെ പറഞ്ഞത് കൊണ്ട് അയാളുടെ സിനിമ കാണേണ്ടെന്ന് ആരെങ്കിലും തീരുമാനിച്ചാൽ അത് മാറ്റാൻ നമുക്ക് പറ്റില്ലാലോ’ എന്നായിരുന്നു താരത്തിന്റെ മറുപടി. സാധാരണ കുടുംബത്തിൽ നിന്ന് വന്ന ആളായത് കൊണ്ട് പെട്ടെന്ന് സെൻസിറ്റീവ് ആണ്. ആദ്യമൊക്കെ ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു. ഞാൻ എന്റെ രീതിയൊന്നും മാറ്റാൻ പോവുന്നില്ല. ഞാൻ എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോവും.
പിന്നെ സോഷ്യൽ മീഡിയയിൽ കാണുന്നതൊക്കെ വിശ്വസിക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ’ . സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും താരം മറുപടി നൽകി. ‘ഞാൻ അങ്ങോട്ടല്ലേ നിങ്ങളോട് ചോദിക്കേണ്ടത്. എന്തിനാണ് സ്ഥാനാർത്ഥിയായി എന്റെ പേര് വിട്ടതെന്ന്. അതല്ലേ ചോദ്യം. ഒരുത്തനെ കൈയിൽ കിട്ടി അവനെ വച്ച് മാക്‌സിമം ഫുട്‌ബോൾ തട്ടുന്നത് പോലെ തട്ടി. എല്ലാ ന്യൂസ് ചാനലുകളും അങ്ങനെയായിരുന്നുവെന്നും ഉണ്ണി മനസ് തുറന്നു.
എല്ലാവർക്കും രാഷ്ട്രീയമുണ്ട്. നിങ്ങൾക്കും അറിയാം എനിക്കും അറിയാം. മലയാള സിനിമയിലെ എല്ലാ നടന്മാർക്കും ഒരു രാഷ്ട്രീയമുണ്ട്. എന്നാൽ നിങ്ങൾക്ക് അതിൽ ചിലരുടെയൊക്കെ പേര് എടുക്കാൻ ബുദ്ധിമുട്ടാവും. എന്നാൽ ഉണ്ണി മുകുന്ദന്റെ പേര് പറഞ്ഞാൽ നിങ്ങൾക്ക് കുഴപ്പമില്ല, ആരും ചോദിക്കാനും പറയാനും വരില്ല എന്നുറപ്പുള്ളത് കൊണ്ട്’ ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.