തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ ശോഭന എത്തുന്നത് മോഹന്‍ലാലിന്റെ ഭാര്യയായി, ഹിറ്റ് കോംബോയെ വീണ്ടും കാണാനുള്ള ആവേശത്തിൽ ആരാധകർ

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L360 ന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്റെ 360-ാം ചിത്രത്തില്‍ നായികയായി ശോഭന എത്തുന്നു എന്നതാണ് ഈ സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കാനുള്ള പ്രധാന കാരണം. സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം 15 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് ശോഭന അഭിനയിക്കുന്നത്. ഈ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന മണിയന്‍പിള്ള രാജു ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് ശോഭനയുടേതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. മോഹന്‍ലാലിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് മണിയന്‍പിള്ള രാജു അഭിനയിക്കുന്നത്.

കാര്‍ ഡ്രൈവര്‍ ആയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കേരളത്തില്‍ തന്നെയാണ് ചിത്രത്തിന്റെ മുഴുവന്‍ ഷൂട്ടിങ്ങും. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.