മകള്‍ക്കൊപ്പം നൃത്തം ചെയ്ത് ശോഭന, വൈറലായി വീഡിയോ, ഏറ്റെടുത്ത് പ്രേക്ഷകർ

മലയാളികളുടെ പ്രിയപ്പെട്ട എവർഗ്രീൻ നായികയാണ് ശോഭന. മകൾ അനന്ത നാരായണിയ്ക്കൊപ്പം ശോഭന പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. നൃത്തത്തിനോട് നാരായണിയ്ക്കും താൽപ്പര്യമുണ്ടെന്ന് ശോഭനയുടെ അഭിമുഖങ്ങളിൽ നിന്നും ആരാധകർ മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

“എവരി ടൈം വി ടച്ച്” എന്ന ഗാനത്തിനാണ് മകൾക്കൊപ്പം ശോഭന ചുവടുവയ്ക്കുന്നത്. ‘ഈ നിസാര കാര്യം അത്ര എളുപ്പമല്ല’ എന്ന ക്യാപക്ഷനേടെയാണ് രസകരമായ വീഡിയോ താരം പോസ്റ്റു ചെയ്തത്. നിരവധി ആരാധകരാണ് അമ്മയേയും മകളെയും ഒരുമിച്ച കണ്ട സന്തോഷം കമന്റ് സെക്ഷനിൽ പ്രകടിപ്പിക്കുന്നത്.

മലയാളികൾക്ക് പകരക്കാരില്ലാത്ത നായികയാണ് ശോഭന. ഗ്രേസ്, അർപ്പണം എന്നീ വാക്കുകളുടെ പര്യായം. മലയാളി എന്നും നെഞ്ചോടു ചേർക്കുന്ന, ശോഭന അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങൾ, അഭിനയമുഹൂർത്തങ്ങൾ… നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോൾ ജീവിതം മാറ്റി വച്ചിരിക്കുന്നത്. .

നൃത്തത്തെ ജീവശ്വാസം പോലെ ചേർത്തുനിർത്തുന്ന ശോഭന ഇടയ്ക്ക് തന്റെ ശിഷ്യർക്കൊപ്പമുള്ള പുതിയ നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാനും മറക്കാറില്ല. ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന. .