ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് സബീറ്റ ജോർജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. മാക്സ് എന്നൊരു മകൻ കൂടിയുണ്ട് സബീറ്റയ്ക്ക്. ജനന സമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ മാക്സ് 2017ലാണ് മരിച്ചത്. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.
ഇപ്പോഴിതാ വീണ്ടും, മാക്സിന്റെ ഒരു ചിത്രവുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് സബീറ്റ. ‘എട്ട് വർഷങ്ങൾക്ക് മുൻപ് ഡയാലിസിസ് കഴിഞ്ഞതിന് ശേഷം എന്റെ മാലാഖ കുഞ്ഞിനൊപ്പമുള്ള ഫോട്ടോ. ഓരോ ദിവസവും നിന്നെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു കുഞ്ഞേ. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ഗിഫ്റ്റാണ് എന്ന് എപ്പോഴും ഓർക്കാറുണ്ട്’ എന്ന് സബീറ്റ പറയുന്നു.
വിദേശരാജ്യത്ത് വച്ചായിരുന്നു സബീറ്റ മകന് ജന്മം നൽകിയത്. സി-സെക്ഷനിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് പറ്റിയ കൈപ്പിഴകാരണം മകനെ അപ്പോൾ തന്നെ കൈവിട്ടുപോകേണ്ട അവസ്ഥയായിരുന്നു. മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്ന കുഞ്ഞിനെ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകിട്ടിയത് സെറിബ്രൽ പാൾസി എന്ന രോഗാവസ്ഥയോടെയാണ്.