അത്രയും പവറും പൊസിഷനും ഉണ്ടായിട്ടു പോലും ആണുങ്ങള്‍ക്ക് ആദ്യം എന്ന രീതിയിലാണ് അവര്‍ വിശ്വസിച്ചിരുന്നത്; പൊരിച്ചമീന്‍ വിവാദത്തെക്കുറിച്ച് റിമ കല്ലിങ്കല്‍

പൊരിച്ച മീന്‍ വിവാദം അച്ഛനെയും അമ്മയെയും വല്ലാതെ വേദനിപ്പിച്ചുവെന്ന് നടി റിമ കല്ലിങ്കല്‍. അനീതിയാണെന്ന് തോന്നിയാല്‍ പറയാന്‍ സാധിക്കുന്ന വീടായിരുന്നു തന്റേതെന്നും അച്ഛനും അമ്മയും ഈ സമൂഹത്തില്‍, ഇവിടുത്തെ കണ്ടീഷനിംഗിന്റെ ഉള്ളില്‍ തന്നെയാണ് വളര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി.

അവര്‍ക്ക് പറ്റുന്നത് പോലൊക്കെ മാറിയിട്ടാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ടാണ് ഞാനിന്ന് ഇവിടെയിരുന്ന് സംസാരിക്കുന്നത്. എന്തെങ്കിലും ജീവിതത്തില്‍ ഞാന്‍ വ്യത്യസ്തമായി ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ മാതാപിതാക്കള്‍ പിന്തുണച്ചത് കൊണ്ടു കൂടിയാണ്.

അവര്‍ക്ക് അന്ന് വലിയ വേദനയായി. അത് സ്വാഭാവികമാണ്. പക്ഷെ ഞാന്‍ അതേ ടെഡ് ടോക്കില്‍ പറയുന്നുണ്ട് ഞാന്‍ എന്റെ അമ്മയെ കുറ്റപ്പെടുത്താനല്ല വന്നത്. അന്ന് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോലും പറ്റാത്ത സ്ത്രീകള്‍ക്കു കൂടി വേണ്ടി സംസാരിക്കാന്‍ വേണ്ടിയാണ് ഞാന്‍ വന്നതെന്ന്. ആ മീന്‍ പൊരിച്ചതില്‍ ഒരെണ്ണം എനിക്കും തന്നിട്ട് എന്റെ അമ്മയായിരിക്കും കഴിക്കാതിരിക്കുക. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്. അവര്‍ക്കും കൂടി വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നതെന്ന് ഞാനതില്‍ പറയുന്നുണ്ട്. പക്ഷെ അതൊന്നും ആര്‍ക്കും കേള്‍ക്കണ്ടല്ലോ.

അച്ഛന്‍ അമ്മയുടെ ഭാഗത്തു നിന്നാണ് സംസാരിച്ചത്. അമ്മയല്ല, അച്ചമ്മയാണ് അങ്ങനെ പറഞ്ഞത് കെട്ടോ എന്നാണ് അച്ഛന്‍ പറഞ്ഞത്. അച്ചമ്മ അതിനും മുമ്പത്തെ തലമുറയാണ്. അച്ഛച്ചന്‍ നേരത്തെ മരിച്ചതാണ്. മൂന്ന് മക്കളെ അച്ചമ്മയാണ് വളര്‍ത്തിയത്. അച്ചമ്മ ഹെഡ് നേഴ്സായിരുന്നു. അത്രയും പവറും പൊസിഷനും ഉണ്ടായിട്ടു പോലും ആണുങ്ങള്‍ക്ക് ആദ്യം എന്ന് വിശ്വസിക്കാന്‍ തക്കതായ രീതിയിലാണ് അവര്‍ കണ്ടീഷന്ഡ് ആയിരുന്നത്. റിമ കൂട്ടിച്ചേര്‍ത്തു.