ബിനു ചേട്ടൻ കോമഡി പറഞ്ഞു, ഞാൻ ചിരിച്ച് തലകറങ്ങി വീണു, വീഴ്ച കണ്ടപ്പോൾ മരിച്ചു എന്നാണ് കൂടെയുള്ളവർ‌ കരുതിയത്- രശ്മി അനിൽ

കോമഡിയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് രശ്മി അനിൽ. സീരിയലുകളിലും സിനിമയിലും തിളങ്ങി നിൽക്കുന്ന അവസരത്തിലാണ് ഹാസ്യനടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് തേടിയെത്തുന്നത്. അമ്യത ടിവിയിലെ കോമഡി മാസ്റ്റേഴ്സിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. ഒരു ചാനൽ പരിപാടിയിലൂടെ ചില നടിമാരുടെ ഫോട്ടോഷൂട്ടിനെ രശ്മി വിമർശിച്ചത് വാർത്തയായിരുന്നു, വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.

ഇപ്പോഴിതാ, ബിനു അടിമാലിക്ക് ഒപ്പം ഷോ ചെയ്തപ്പോൾ ഉണ്ടായിട്ടുള്ള രസകരമായ സംഭവം പങ്കുവെക്കുകയാണ് രശ്മി അനിൽ. വാക്കുകളിങ്ങനെ, ബിനു ചേട്ടൻ നമ്മൾ എന്ത് പറഞ്ഞാലും കൗണ്ടർ അടിക്കും. സ്ക്രിപ്റ്റെല്ലാം പറഞ്ഞ് അവിടെ നിന്ന് സ്റ്റേജിലേക്ക് ചെന്നിട്ട് വായിൽ തോന്നുന്നത് എന്താണോ അത് അപ്പോൾ പറയും. അവിടെ നിന്ന് ചിരിച്ച് ഒരു വഴിയാകും.

ഞാൻ എത്ര തവണ സ്റ്റേജിൽ തലകറങ്ങി വീണിട്ടുണ്ടെന്ന് അറിയാമോ. മനോരമയിൽ വെച്ചും സീ കേരളത്തിലാകെ വെച്ചും ചിരിച്ച് തലകറങ്ങി വീണു. ചിരിക്കുമ്പോൾ ബ്ലഡ് എല്ലാം തലയിലേക്ക് ഇരച്ചു കയറുമല്ലോ. ചിരിക്കുക എന്ന് പറഞ്ഞാൽ നമ്മൾ സൈലന്റായിട്ടാണ് ചിരിക്കുക. അപ്പോൾ നിന്ന നിപ്പിൽ തലകറങ്ങി വീഴും. അങ്ങനെ ഒരിക്കൽ ഞാൻ വീണപ്പോൾ മരിച്ചു എന്നാണ് കരുതിയത്. ഞാൻ മുന്നോട്ട് ആണ് വീണത്. ഞാൻ ഒരു അമ്മുമ്മയുടെ വേഷമാണ് ചെയ്തിരുന്നത്,

വടിയൊക്കെ കുത്തി കൈ ഇങ്ങനെ വിറച്ചു കൊണ്ടാണ് നടക്കുന്നത്. അപ്പോൾ ബിനു ചേട്ടൻ എന്നെ നോക്കിയിട്ട് പറഞ്ഞു, ഇതെന്താ ഗിയർ ഇട്ട് വരുന്ന അമ്മുമ്മയോ എന്ന്. എനിക്ക് അത് സഹിക്കാൻ പറ്റണില്ല. ഞാൻ ചിരിച്ചു ചിരിച്ചു അങ്ങ് വീണു. അപ്പോൾ തന്നെ എല്ലാവരും ഓടി വന്നു. എന്റെ കയ്യൊക്കെ തണുത്ത് ഇരിക്കുകയായിരുന്നു, എല്ലാവരും എന്തോ സംഭവിച്ചിട്ടുണ്ട്, ഓഫീസിൽ കൊണ്ടുപോകണം എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് ഇതൊക്കെ കേൾക്കാം. ഉള്ളിൽ ബോധമുണ്ടല്ലോ. എനിക്ക് ഒന്നുമില്ല ഞാൻ ഇപ്പോൾ എഴുന്നേൽക്കും എന്നൊക്കെ പറയാൻ തോന്നുന്നുണ്ട്. പിന്നെ നാരങ്ങ വെള്ളം ഒക്കെ തന്ന് ഞാൻ എഴുന്നേറ്റു, പിന്നെയാണ് ഞാൻ അറിയുന്നത്, പ്രൊഡ്യൂസർ ഞാൻ മരിച്ചാൽ പത്ത് 25 ലക്ഷം രൂപയെങ്കിലും കിട്ടുമെന്ന് കണക്ക് കൂട്ടിയെന്ന്. ഫ്ലോറിൽ അല്ലേ മരിച്ചത് അതുകൊണ്ട് കുടുംബമൊക്കെ കുഴപ്പമില്ലാതെ പോകുമായിരിക്കും എന്നായിരുന്നു പുള്ളിയുടെ ചിന്ത