ട്രാൻസ്ജന്റർ സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ആളാണ് രഞ്ജു രഞ്ജിമാർ. തുടർച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തിൽ പിൻതള്ളപ്പെട്ട തന്നെ പോലുള്ളവരെ രഞ്ജു മുന്നോട്ട് കൊണ്ടു വന്നു. ഒപ്പം സ്വയം വളരുകയും ചെയ്തു.
ഇപ്പോളിതാ കുടുംബത്തെക്കുറിച്ച് പറയുകയാണ് രഞ്ജു. കുറേ വർഷം കുട്ടികളില്ലാതിരുന്ന ശേഷമാണ് അമ്മ ചേച്ചിയെ പ്രസവിച്ചത്. അതിന്റെ പേരിലാണ് അമ്മ അച്ഛന്റെ വീട്ടിൽ നിന്നും പോന്നത്. എന്റെ അച്ഛന്റെ കുടുംബം ആരാണെന്ന് പോലും അറിയില്ല. കൊല്ലത്ത് ഒരു ഷോപ്പിൽ ഒരുമിച്ച് നിന്നാൽ പോലും അറിയില്ല. അമ്മയുടെ ബന്ധുക്കളെയേ അറിയൂ.
എന്റെ ചേച്ചി ജനിച്ച ശേഷം പിന്നീട് ചേട്ടൻ ജനിച്ചു. പിന്നെയൊരു ചേട്ടൻ ജനിച്ചു. പിന്നെ എന്റെ അമ്മയ്ക്ക് ഭയങ്കര ആഗ്രഹം ഞാനൊരു പെണ്ണാകണം എന്നായിരുന്നു. പക്ഷെ ശാരീരികമായി ആണായി ജനിച്ചെങ്കിലും മാനസികമായി സ്ത്രീയായാണ് ഞാൻ വളർന്നത്. എന്റെ ചേച്ചി പിരീഡിസ് ആയ സമയത്ത് അന്നത്തെ കാലത്ത് അത് വലിയ ആഘോഷമാണ്. ഏഴ് ദിവസം സൂര്യനെ കാണാതെ വീട്ടിനകത്തിരുത്തും.
സൂര്യനുദിക്കുന്നതിന് മുമ്പ് പുറത്ത് കൊണ്ട് പോയി കുളിപ്പിക്കും. മുറിയിലിരുത്തും. ആ മുറിയിലേക്ക് പെണ്ണുങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളൂ. പക്ഷെ ഞാൻ മുഴുവൻ സമയവും ആ മുറിയിലായിരുന്നു. ഏഴ് ദിവസം കഴിഞ്ഞ് മുറ്റത്ത് പന്തലിട്ട് ചേച്ചിയെ പട്ടു പാവാടയും ബ്ലൗസും ഇടീക്കും. ബന്ധുക്കൾ വന്ന് സ്വർണമൊക്കെ കൊടുക്കും.
എന്നെയും കളിപ്പിച്ച് പട്ടു പാവാട ഇടീക്കണമെന്ന് പറഞ്ഞ് ഞാൻ അലറി. അവസാനം ആരുടെയോ പട്ടു പാവാട എന്നെയും ധരിപ്പിച്ചു. അങ്ങനെയൊരു ലൈഫ് ആയിരുന്നു എനിക്ക്. എന്റെ ജീവിതത്തിൽ നിന്ന് പറിച്ച് മാറ്റല്ലേ എന്ന് ഞാൻ ദൈവത്തോട് കെഞ്ചിയ ഒരേ ഒരാൾ ചേച്ചിയായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നു. പക്ഷെ ഇടയ്ക്ക് എവിടെയോ വെച്ച് ഞങ്ങളുടെ അടുപ്പം ഇല്ലാതായെന്നും രഞ്ജു പറയുന്നു.
സഹോരന്റെ ഉപദ്രവം കാരണമാണ് താൻ പതിനെട്ടാം വയസിൽ വീട് വിട്ട് പോയത്. ന്യൂമോണിയ വന്നാണ് തന്റെ ചേച്ചി മരിച്ചത്. സങ്കടമുള്ള കാര്യം ചേച്ചി മരിക്കുന്ന ദിവസം ഞാൻ വീട്ടിലുണ്ട്. ചേച്ചി നടന്നാണ് കാറിൽ കയറിയത്. നടന്ന് പോയ ആളാണ്. ഇത്രയും സൗകര്യങ്ങൾ വന്നിട്ടും എന്റെ ചേച്ചിയെ കൊണ്ട് വന്ന് നിർത്തി അത് ആസ്വദിപ്പിക്കാൻ ഭാഗ്യമുണ്ടായില്ലല്ലോ എന്ന് തനിക്ക് തോന്നാറുണ്ട്. അതേസമയം പത്ത് ദിവസത്തെ ലീവ് കിട്ടിയാൽ ചേച്ചിയുടെ രണ്ട് മക്കളും തന്റെ കൂടെയാണെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.