നടക്കാൻ സാധിക്കുമായിരുന്നില്ല,55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി; തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞ് പത്മപ്രിയ

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്ക് ഉണ്ടായിരുന്ന അസുഖത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പത്മപ്രിയ. പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും പിന്നീട് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ ഉണ്ടായി എന്നുമാണ് പത്മപ്രിയ പറയുന്നത്.

2018 അവസാനത്തോടെയാണ് ഈ അവസ്ഥ സംഭവിക്കുന്നത്. അന്നു മുതല്‍ താന്‍ ഫോട്ടോകളില്‍ പോലും വരാതിരിക്കാന്‍ ശ്രമിച്ചു എന്നാണ് താരം പറയുന്നത്. പേശികളുടെ ബലക്ഷയം ആയിരുന്നു പ്രശ്‌നം. കുറച്ച് നടക്കുമ്പോഴേക്കും അരയ്ക്ക് താഴ്ഭാഗം മുതല്‍ കാല്‍പാദം വരെ നീരു വയ്ക്കും. നീര് മാറി പഴയതു പോലെയാവാന്‍, തലയിണയിലും മറ്റും കാല് ഉയര്‍ത്തി വച്ച് ഇരിക്കുകയായിരുന്നു പിന്നെ ചെയ്യുക.

സാധാരണ മൂവ്‌മെന്റ്‌സ് പോലും ബുദ്ധിമുട്ടേറിയതായി, 55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി. എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ഡോക്ടേഴ്‌സിനു കൃത്യമായി പറയാന്‍ കഴിഞ്ഞില്ല. വേദന കൂടി വഷളാവുമ്പോള്‍ ഡോക്ടേഴ്‌സിനെ കാണും. അവര്‍ എക്‌സ്‌റേ എടുത്തു നോക്കും, എല്ലുകള്‍ക്കോ പേശികള്‍ക്കോ ഒന്നും പ്രത്യക്ഷത്തില്‍ യാതൊരു പ്രശ്‌നവും കാണാനില്ല.

ഒടുവില്‍ ഫിസിയോതെറാപ്പി നിര്‍ദേശിക്കും. ഫിസിയോ ചെയ്യാന്‍ തുടങ്ങിയതോടെ പലപ്പോഴും സ്ഥിതി കൂടുതല്‍ വഷളായി. ശരിക്കും നടക്കാന്‍ സാധിക്കുമായിരുന്നില്ല. നടക്കാന്‍ ശ്രമിച്ചാല്‍ മസിലിനു ടെന്‍ഷനാവും, കാലിലേക്ക് ഫഌയിഡ് വന്ന് കാലു വീങ്ങി വീര്‍ത്തു വരും. നീരു വന്ന് കാലിന് ഭാരം കൂടും. പിന്നെ 10-15 ദിവസത്തോളം നിറയെ തലയണ വച്ച് അതിനു മുകളില്‍ കാലു കയറ്റി വച്ച് വിശ്രമിക്കണം.

വസ്ത്രങ്ങളൊക്കെ പാകമല്ലാതായി. ആ സമയത്ത് ഫോട്ടോകളില്‍ പോലും വരാതിരിക്കാന്‍ ശ്രമിച്ചു. ഫംഗ്ഷനുകളില്‍ നിന്നെല്ലാം അകന്നു നിന്നു. ആളുകളുമായി കൂടുതലും ഓണ്‍ലൈനിലായിരുന്നു സംസാരിച്ചിരുന്നത്. സത്യത്തില്‍ കോവിഡ് തുടങ്ങുന്നതിനും 10-18 മാസങ്ങള്‍ മുമ്പ് തന്നെ തന്റെ ലോക്ക്ഡൗണ്‍ തുടങ്ങിയിരുന്നു എന്നാണ് പത്മപ്രിയ ഒരു അഭിമുഖത്തില്‍ പറയുന്നത്.