ഭാര്യ വീട്ടിലില്ലെങ്കിൽ തനിക്ക് വീട്ടിലേക്ക് പോകാൻ തോന്നില്ലെന്ന് നാദിർഷ. ഭാര്യ വീട്ടിലില്ലെങ്കിൽ നിനക്കിന്ന് ലോട്ടറി അടിച്ചല്ലോ എന്ന് പറയുന്ന ഭർത്താക്കൻമാരുണ്ട്. ഭാര്യയില്ലാത്തത് കൊണ്ട് അവനിന്ന് അർമാദിക്കും എന്ന് പറയുന്നവരുണ്ട്. ഞാനപ്പോൾ ആലോചിക്കാറുണ്ട്. ഭാര്യ വീട്ടിലില്ലെങ്കിൽ ഞാനാ വീട്ടിലേക്ക് പോകില്ല. കാരണം ഡോർ തുറക്കുമ്പോൾ മക്കളെയും ഭാര്യയെയും സ്ഥിരം കാണുന്നതാണ്. അവരില്ലെങ്കിൽ ഹോട്ടലിൽ റൂമെടുത്ത് അവിടെ താമസിക്കും.
അങ്ങനെ ചെയ്തിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കി. ഷാഹിന എന്നാണ് നാദിർഷയുടെ ഭാര്യയുടെ പേര്. ആയിഷ നാദിർഷ, ഖദീജ നാദിർഷ എന്നിവരാണ് നാദിർഷയുടെ മക്കൾ. മുമ്പോരിക്കൽ തന്റെ വിവാഹ തിയ്യതി മറന്ന് പോയ സംഭവത്തെക്കുറിച്ച് നാദിർഷ സംസാരിച്ചിട്ടുണ്ട്. ഏപ്രിൽ 12 നായിരുന്നു വിവാഹം. കല്യാണം ഉറപ്പിച്ച ശേഷം ഒരാൾ വിളിച്ച് പ്രോഗ്രാം ബുക്ക് ചെയ്തു. വിവാഹമാണെന്ന് ഓർക്കാതെ ഏപ്രിൽ 12 ന് ബുക്ക് ചെയ്തു. എഗ്രിമെന്റ് എഴുതി. എന്നാൽ ആ ഡേറ്റിൽ എന്തോ സംഭവമുണ്ടെന്ന് മനസിൽ തോന്നി.അപ്പോഴും വിവാഹമാണെന്ന് ഓർക്കുന്നില്ല.
തിയതി തന്റെ മനസിൽ വരുന്നുണ്ട്. ഉടനെ അനിയനെ വിളിച്ച് ഏപ്രിൽ 12 ന് എവിടെയെങ്കിലും പ്രോഗ്രാമുണ്ടോ എന്ന് ചോദിച്ചു. ഇത് കേട്ട് തമാശ പറയുകയാണോ എന്നാണ് അവൻ ചോദിച്ചത്. ഇക്കാക്കയുടെ കല്യാണമല്ലേ അന്ന് എന്നവൻ ചോദിച്ചപ്പോഴാണ് വിവാഹക്കാര്യം ഓർമ്മ വന്നത്. ഇതോടെ ആ പ്രോഗ്രാമിന്റെ ഡേറ്റ് മാറ്റുകയായിരുന്നെന്നും അന്ന് നാദിർഷ ഓർത്തു.