ശത്രുദോഷ പൂജയിൽ പങ്കെടുക്കുന്ന നടൻ മോഹൻലാലിൻ്റെ വീഡിയോ വൈറലാകുന്നു. വളരെ വ്യത്യസ്തമായ ശത്രുദോഷ പൂജ നടക്കുന്ന കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലാണ് നടൻ മോഹൻലാൽ ‘മറികൊത്തുലിൽ’ പങ്കെടുത്തത്. തടസ്സങ്ങൾ നീങ്ങാനും ശത്രു ദോഷം തീരാനും നടത്തുന്ന പൂജയാണ് മറികൊത്തൽ.
കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ മോഹൻലാൽ ബുധനാഴ്ച പുലർച്ചെ ആറു മണിയോടെയാണ് ഉഗ്രശക്തി മൂർത്തിയായ ഭഗവതി കുടികൊള്ളുന്നുവെന്ന് വിശ്വസിക്കുന്ന മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനപുണ്യം തേടാനെത്തിയത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു.
ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹൻലാലിന് നൽകി. ക്ഷേത്ര ഐതിഹ്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദക്ഷിണം നടത്തുകയും ദോഷങ്ങളും മാർഗതടസ്സങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ മറികൊത്തൽ നടത്തുകയും വിശേഷ വഴിപാടുകൾ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹൻലാൽ കാറിൽ മടങ്ങിയത്.
കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ പുഴയുടെ കിഴക്ക് കരയിൽ ഒരു ചെറിയ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാന് മഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം. പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തുവീട് വകയായിരുന്നു ഈ ക്ഷേത്രം. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്.