മിമിക്രി വേദികളില്‍ എന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.
ഇപ്പോഴിതാ വേദനകളില്‍ നിന്നും വിഷമതകളില്‍ നിന്നും ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് രേണു. അഭിനയരംഗത്തേയ്ക്ക് രേണു ചുവടുവെയ്ക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. നാടകരംഗത്തേയ്ക്കാണ് രേണുവിന്റെ കടന്നുവരവ്.
കൊച്ചിന്‍ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തില്‍ കോളജ് വിദ്യാര്‍ഥിനിയായാണ് രേണു അഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്. നാടക റിഹേഴ്‌സല്‍ അടുത്തയാഴ്ച തുടങ്ങുമെന്നാണ് വിവരം. ഓഗസ്റ്റ് ആദ്യവാരം ആയിരിക്കും ‘ഇരട്ടനഗരം’ പ്രദര്‍ശനത്തിന് എത്തുക. അഭിനയവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന രേണു മുമ്പ് ഒരു ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠന കാലത്ത് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2023 ജൂണ്‍ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുക ആയിരുന്നു. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ തുടങ്ങിയവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. അപകടം നടന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുധിയുടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.