കല്യാണ ദിവസവും കുടുംബ ഫോട്ടോയെടുത്തപ്പോഴും അച്ഛനില്ലാത്ത വിടവ് വളരെ അധികം അനുഭവപ്പെട്ടു, വല്ലാത്തൊരു സങ്കടം തോന്നി

തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു കൊല്ലം അജിത്ത്. 1984-ൽ പുറത്തിറങ്ങിയ പത്മരാജൻറെ പറന്നു പറന്നു പറന്ന് ആയിരുന്നു അജിത്ത് അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു. അദ്ദേഹം രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദര സംബന്ധമായ അസുഖം മൂലം 2018 ഏപ്രിൽ 5 ന് കൊച്ചിയിൽ വെച്ച് കൊല്ലം അജിത്ത് മരണപ്പെട്ടു.

രണ്ട് മക്കളാണ് കൊല്ലം അജിത്തിനുള്ളത്. അതിൽ മൂത്തമകൾ ​ഗായത്രി അടുത്തിടെയാണ് വിവാഹിതയായത്. വിവാഹശേഷം അച്ഛനെ കുറിച്ച് ​ഗായത്രി പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അച്ഛൻ കൊല്ലം അജിത്ത് തന്റെ വിവാഹം കാണാൻ ഉണ്ടായിരുന്നില്ലല്ലോ എന്നതാണ് ​ഗായത്രിയുടെ ഏറ്റവും വലിയ സങ്കടം.

കല്യാണ ദിവസവും കുടുംബ ഫോട്ടോയെടുത്തപ്പോഴും അച്ഛനില്ലാത്ത വിടവ് തനിക്ക് വളരെ അധികം അനുഭവപ്പെട്ടുവെന്നും വല്ലാത്തൊരു സങ്കടം തോന്നിയിരുന്നുവെന്നും ​ഗായത്രി പറഞ്ഞിട്ടുണ്ട്. തന്റെ വിവാഹ ചിത്രത്തിൽ അച്ഛനില്ലാത്ത വിടവ് നികത്താനായി ​ഗായത്രി ചെയ്തത് ഡിജിറ്റൽ‌ ആർട്ട് ചെയ്യുന്ന എക്സ്പേർട്ടിന്റെ സഹായത്തോടെ അച്ഛൻ കൊല്ലം അജിത്തിന്റെ ചിത്രവും കുടുംബ ചിത്രത്തിൽ ഉൾപ്പെടുത്തിയെന്നതാണ്.

അച്ഛനുണ്ടാകണം തന്റെ വിവാഹിത്തിനെന്നത് ആ​ഗ്രഹമായിരുന്നുവെന്നും എന്നാൽ അത് സാധിച്ചില്ലെന്നും അതിനാൽ തന്നെ തനിക്ക് എന്നും സൂക്ഷിക്കാനായി അച്ഛൻ കൂടി ഉൾപ്പെട്ട കുടുംബ ഫോട്ടോ താൻ തയ്യാറാക്കി മേടിച്ചുവെന്നാണ് ​ഗായത്രി പറയുന്നത്. എഡിറ്റിങാണെന്ന് തോന്നത്തവിധത്തിൽ മനോഹ​രമായാണ് ഫോട്ടോ ​മകൾ ​ഗായത്രി ചെയ്ത് എടുപ്പിച്ചത്. തന്റെ സ്വപ്ന സാഫല്യമാണിതെന്നും ​ഗായത്രി പറയുന്നുണ്ട്. ​ഗായത്രി പങ്കുവെച്ച വീഡിയോ വൈറലായതോടെ നിരവധി പേരാണ് നടൻ കൊല്ലം അജിത്തിനെ കുറിച്ച് വാചാലരായി എത്തിയത്.

സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. സംവിധായകൻ പത്മരാജന്റെ സഹായിയാകൻ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. 1983- ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജൻ. 1989 -ൽ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയിൽ അജിത് നായകനുമായി അഭിനയിച്ചിരുന്നു. 2012- ൽ ഇറങ്ങിയ ഇവൻ അർധനാരിയാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചലച്ചിത്രം.