നിയമ വിരുദ്ധതയുണ്ടെങ്കില്‍ ബിഗ് ബോസ് നിര്‍ത്തിവെയ്പ്പിക്കാം, മോഹന്‍ലാലിനും ഡിസ്നിയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്

ടെലിവിഷൻ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദേശം. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം.

എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഒരു സ്വകാര്യ ചാനലിൽ നടക്കുന്ന തത്സമയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നടക്കുന്ന പരിപാടി മലയാളത്തിലും സംപ്രേഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ ശാരീരികോപദ്രവം വരുത്തല്‍ ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതു സംപ്രേഷണ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.

നിയമവിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം.എ അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈ മാസം 25ന് ഹരജി വീണ്ടും പരിഗണിക്കും

1995ലെ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകള്‍ (റെഗുലേഷന്‍) നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതിന് നിരോധനമുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.