ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് നിൽക്കുന്ന ഘട്ടത്തിലാണ് കാവ്യയെ ഗദ്ദാമയിലേയ്ക്ക് ക്ഷണിക്കുന്നത്, നടിയുടെ മറുപടി ഇങ്ങനെയായിരുന്നു, തുറന്നു പറഞ്ഞ് കമൽ

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്‍.പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയവയാണ് കരിയറില്‍ കാവ്യയ്ക്ക് ലഭിച്ച അഭിനയ പ്രാധാന്യമുള്ള സിനിമകള്‍. 2011 ലാണ് ഗദ്ദാമ റിലീസ് ചെയ്യുന്നത്. കമല്‍ സംവിധാനം ചെയ്ത സിനിമയിലെ പ്രധാന കഥാപാത്രമാണ് കാവ്യക്ക് ലഭിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഈ സിനിമയിലൂടെ കാവ്യക്ക് ലഭിച്ചു. സിനിമയില്‍ കാവ്യയെ നായികയാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.

ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് നില്‍ക്കുന്ന ഘട്ടത്തിലാണ് കാവ്യയെ ഗദ്ദാമയിലെ നായികയാക്കിയതെന്ന് കമല്‍ പറയുന്നു. കാവ്യ മാധവനെയാണ് ഗദ്ദാമയായി തീരുമാനിച്ചത്. ആദ്യത്തെ കല്യാണം കഴിഞ്ഞ് ഗള്‍ഫില്‍ ജീവിച്ച് തിരിച്ച് വന്ന് വീണ്ടും സജീവമായ സമയത്താണ് ഈ വേഷം അഭിനയിക്കാന്‍ ഞാന്‍ കാവ്യയെ വിളിക്കുന്നത്. ഗള്‍ഫിലെ കഥയും കാര്യങ്ങളുമെല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആ ക്യാരക്ടര്‍ ചെയ്യാന്‍ കാവ്യ തയ്യാറായെന്നും കമല്‍ പറഞ്ഞു.

ഗദ്ദാമയെക്കുറിച്ചുള്ള മറ്റ് ഓര്‍മകളും കമല്‍ പങ്കുവെച്ചു. സൗദിയാണ് സിനിമയുടെ കഥാപശ്ചാത്തലം. എന്നാല്‍ ഇന്നത്തെ പോലെ അല്ല, അന്ന് സൗദിയില്‍ ഷൂട്ടിംഗിന് അനുമതിയില്ല. ദുബായില്‍ വെച്ച് ഷൂട്ട് ചെയ്യാനും സാധിക്കില്ല. കാരണം ലൊക്കേഷന്‍ മനസിലാകുമല്ലോ. അവസാനം യുഎഇയിലെ ഫുജൈറയില്‍ നിന്നാണ് സിനിമ ഷൂട്ട് ചെയ്തത്. സിനിമയുടെ ചില ഭാഗങ്ങള്‍ ഷാര്‍ജയില്‍ നിന്നാണ് ഷൂട്ട് ചെയ്തത്.

കാവ്യയുടെ കഥാപാത്രം കഴിയുന്ന അറബിയുടെ വീടൊക്കെ ഷാര്‍ജയിലാണ്. എന്നാല്‍ അവരോട് കഥ കൂടുതലായി വെളിപ്പെടുത്തിയിരുന്നില്ല. കാരണം സിനിമയില്‍ അറബികളെ മോശമായി അവതരിപ്പിക്കുന്ന രംഗങ്ങളൊക്കെ ഉണ്ട്. സിനിമയില്‍ അറബികളായിട്ടുള്ള കഥാപാത്രങ്ങള്‍ ഉണ്ട്. അറബിയല്ലാതെ അവര്‍ക്ക് മറ്റൊരു ഭാഷ അറിയില്ല. അവരെ കൊണ്ട് അവരെ പറയിപ്പിക്കാനൊക്കെ വലിയ രീതിയില്‍ ബുദ്ധിമുട്ടി.