കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ഗോപിക്ക് ആശംസകളുമായി നടൻ ഹരീഷ് പേരടി. സുരേഷ് ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷ് പേരടി ആശംസകൾ അറിയിച്ചത്. തൃശൂർ എടുക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയുണ്ടായ വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും മറുപടിയാണ് ഈ നേട്ടമെന്നാണ് ഹരീഷ് പേരടി പോസ്റ്റിലൂടെ പറയുന്നത്.
നിങ്ങളിലൂടെ ജാതി, മത, രാഷ്‌ട്രീയ വ്യത്യാസമില്ലാത്ത വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുന്നുവെന്നും ഹൃദയം നിറഞ്ഞ ആശംസകളെന്നും ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
തൃശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കപട പുരോഗമന കേരളം ഏറെ കളിയാക്കിയപ്പെട്ടവന് കേരളം മുഴവൻ ഏറ്റെടുക്കാൻ ചുമതലയുള്ള കേന്ദ്രമന്ത്രിസ്ഥാനമെന്ന പൂക്കാലം. കാലം വീട്ടാത്ത കണക്കുകൾ ഇല്ലല്ലോ, പ്രിയപ്പെട്ട സുരേഷേട്ടാ… നിങ്ങളിലൂടെ ജാതി, മത, രാഷ്‌ട്രിയ വ്യത്യാസമില്ലാത്ത വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുന്നു. കേരളത്തിന്റെ വികസന ചരിത്രത്തിൽ “ഓർമ്മയുണ്ടോ ഈ മുഖം” എന്ന കൈയ്യൊപ്പ് ചാർത്താൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, ഹൃദയം നിറഞ്ഞ ആശംസകൾ- ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഒരു മിനി പൂരം തന്നെയാണ് തൃശൂരിൽ അരങ്ങേറുന്നത്. സ്ത്രീകളും മുതിർന്നവരുമുൾപ്പെടെ ആഘോഷത്തിൽ അണിനിരന്നു. തൃശൂർ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്.