മൂന്ന് മണിക്ക് വണ്ടി വരും, എന്റെ ഷർട്ടും മുണ്ടും എടുത്ത് വയ്ക്ക് എന്ന് പറഞ്ഞു തീർന്നില്ല, സെക്കന്റുകൾ കൊണ്ട് അദ്ദേഹം പോയി, വികാരാധീനയായി ​ഗിരിജ

നടൻ കൊച്ചു പ്രേമൻ അടുത്തിടെയാണ് മരണപ്പെട്ടത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏഴുനിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. തിരുവനന്തപുരം സംഘചേതനയുൾപ്പടെ നിരവധി ട്രൂപ്പുകളിലെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2022 ലെ ഫിലിം ക്രിട്ടിക് അവാർഡ് കൊച്ചു പ്രേമനാണെന്ന് വിളിച്ച് പറഞ്ഞപ്പോൾ സന്തോഷത്തോടെ അത് വാങ്ങാൻ പോകുന്നതിനെ കുറിച്ച് പറഞ്ഞ കൊച്ചു പ്രേമൻ പക്ഷെ അത് വരെ എത്തിയില്ല. കൊച്ചു പ്രേമന് പകരം ഭാര്യ ഗിരിജയാണ് പുരസ്‌കാരം ഏറ്റവുവാങ്ങിയത്. പുരസ്‌കാരം സ്വീകരിച്ച ശേഷം ഗിരിജ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുരസ്‌കാരം ഉണ്ട് എന്ന് വിളിച്ച് പറഞ്ഞപ്പോൾ മുതൽ നമുക്ക് എല്ലാവർക്കും കൂടെ ഒന്നിച്ച് പോകാം, മകനെയും കൂട്ടാം എന്ന് കൊച്ചു പ്രേമൻ പറഞ്ഞിരുന്നുവത്രെ. ഇല്ല അച്ഛാ, അച്ഛനെ ഞാൻ അവിടെ കൊണ്ടു വിടാം എന്ന് മകൻ പറഞ്ഞു. അത് പറഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞില്ല, അദ്ദേഹം പോയി!

അന്ന് ഒരു സീരിയൽ ഡബ്ബ് ചെയ്യാൻ പോകാൻ ഉണ്ടായിരുന്നു. മൂന്ന് മണിക്ക് വണ്ടി വരും, എന്റെ ഷർട്ടും മുണ്ടും ഒക്കെ എടുത്ത് വയ്ക്ക് എന്ന് പറഞ്ഞു. വണ്ടി വരട്ടെ, എന്നിട്ട് ഇറങ്ങാം എന്ന് ഞാൻ പറഞ്ഞു, പറഞ്ഞു തീർന്നില്ല, അതിന് മുൻപ് സെക്കന്റുകൾ കൊണ്ട് അദ്ദേഹം… വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാത്തെ ഗിരിജ ഒന്ന് നിർത്തിയിട്ട് പറഞ്ഞു, പോയി!

അവാർഡുകൾ ഏതായാലും അതിന് ഒരുപാട് വില കൊടുക്കുന്ന ആളാണ്. ഇവിടെ വരണം എന്നും ഈ പുരസ്‌കാരം വാങ്ങണം എന്നും അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. എല്ലാവരും അംഗീകരിയ്ക്കുന്നതും ആദരിയ്ക്കുന്നതും എല്ലാം ഒരുപാട് ഇഷ്ടവും സന്തോഷവും ആയിരുന്നു അദ്ദേഹത്തിന്. അവാർഡ് കിട്ടുന്നത് പോലെ തന്നെ കൊടുക്കുന്നതും അദ്ദേഹത്തിന് സന്തോഷമായിരുന്നു ഗിരിജ പറഞ്ഞു. അദ്ദേഹം ഇന്ന് ഇവിടെ എന്റെ കൈയ്യും പിടിച്ച് നിൽക്കുന്നുണ്ട് എന്നത് എന്റെ വിശ്വാസമാണ് എന്ന് പറഞ്ഞ് ഗിരിജ അവസാനിപ്പിച്ചു.

ഹാസ്യവേഷങ്ങളിലൂടെയാണ് കൊച്ചുപ്രേമൻ ശ്രദ്ധേയനാവുന്നത്. ഇരുന്നൂറിലേറെ ചിത്രങ്ങളിൽ ചെറുതും വലുതുമായി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദില്ലിവാല രാജകുമാരൻ, തിളക്കം, പട്ടാഭിഷേകം, ഓർഡിനറി, മായാമോഹിനി, കല്യാണരാമൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു പപ്പടവട പ്രേമമാണ് അവസാന ചിത്രം.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി നാടകമെഴുതി കൊച്ചുപ്രേമൻ സംവിധാനം ചെയ്തിട്ടുണ്ട്. അത് വിജയിച്ചതോടെ ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. സ്കൂൾ പഠനത്തിനു ശേഷമാണ് നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയ കൊച്ചു പ്രേമൻ, തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് നാടക രംഗത്ത് ശ്രദ്ധേയനാവുന്നത്.

പിന്നീട് ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു. കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നീ നാടകങ്ങൾ അദ്ദേഹത്തിന് നിരവധി ആരാധകരെ നേടികൊടുത്തിട്ടുണ്ട്.