ഡേറ്റിങ്ങിലാണ് പക്ഷെ രഹസ്യമാക്കി വെക്കാനാണ് തീരുമാനം, ആദ്യ വിവാഹം മൂകാംബികയിൽ വച്ചായിരുന്നു, 12 വർഷത്തെ ദാമ്പത്യം പക്ഷെ പിരിയേണ്ടി വന്നു- ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി. തുടർന്ന് ഉപ്പും മുളകും എന്ന സീരിയലില്‍ അടക്കം പല ടെലിവിഷന്‍ ഷോകളിലും അതിഥിയായി എത്തിയ ദിവ്യ പിള്ള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി 12 വർഷമായി റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും, മൂകാംബികയിൽ വച്ച് തങ്ങളുടെ വിവാഹം നടന്നെന്നും ദിവ്യ പറഞ്ഞു. മൂകാംബികയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എന്റെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങ് ഞങ്ങൾ രജിസ്റ്റർ ചെയ്തിരുന്നില്ല. ഞങ്ങൾ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാൽ ചില നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുൻപു തന്നെ ഞങ്ങൾ പിരിഞ്ഞു. ഞാൻ ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും അദ്ദേഹം ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും തമ്മിൽ ഒത്തുപോകാൻ പറ്റില്ലെന്നു മനസിലായപ്പോൾ പിരിയുകയായിരുന്നു.

നിയമപരമായി രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹമോചനത്തിന്റെ നൂലാമാലകൾ ഉണ്ടായിരുന്നില്ല. വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നൽകണമെന്ന് തനിക്ക് ആശയക്കുഴപ്പമാണ്. നിലവിൽ താൻ ഡേറ്റിങ്ങിലാണെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇതേക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല.

ഡേറ്റിങ്ങിനേക്കുറിച്ച് ലോകത്തോടു പങ്കുവയ്ക്കാൻ ഞാൻ മാനസികമായി ഒരുങ്ങുന്നതു വരെ, രഹസ്യമാക്കി വയ്ക്കാനാണ് എന്റെ തീരുമാനം. ഡേറ്റിങ്ങ് ചെയ്യുന്നുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോൾ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിങ് ചെയ്യുന്നില്ലെന്ന് കള്ളം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരാണ് ആ വ്യക്തിയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.