ഭാര്യ എലിസബത്തിനോടൊപ്പം ഷോറുമിലെത്തി ഒരു കോടി രൂപ വിലവരുന്ന വോൾവോ എസ്.യു.വി സ്വന്തമാക്കി ബേസിൽ ജോസഫ്

വോൾവോയുടെ എക്സ് സി 90 എസ്.യു.വി സ്വന്തമാക്കി സംവിധായകൻ ബേസിൽ ജോസഫ്. സൂപ്പർഹിറ്റാകുകയും ഒപ്പം ഏറെ പ്രശംസ നേടുകയും ചെയ്ത മിന്നൽ മുരളി എന്ന ചിത്രം ഇറങ്ങി ഒരു വർഷം തികയുമ്പോഴാണ് ആഢംബര വാഹനം നടനും സംവിധായകനുമായ ബേസിൽ സ്വന്തമാക്കുന്നത്.

ബേസിൽ നായകനായി അഭിനയിച്ച പാൽതൂ ജാൻവറും ജയ ജയ ജയ ഹെയും ഇത്തവണ തീയറ്ററുകളിൽ വിജയം നേടിയിരുന്നു. കൊച്ചിയിലെ വോൾവോ ഡീലറിൽ നിന്നാണ് വാഹനത്തിൻറെ കീ ബേസിലും ഭാര്യയും ചേർന്ന് വാങ്ങിയത്. ഏകദേശം 97 ലക്ഷം രൂപയാണ് വോൾവോ എക്സ് സി 90 എസ്.യു.വിയുടെ എക്സ്ഷോറൂം വില.

ഭാര്യ എലിസബത്തിനൊപ്പം ഷോറൂമിലെത്തിയാണ് ബേസിൽ കാർ സ്വീകരിച്ചത്. മാധ്യമ പ്രവർത്തകൻ ബൈജു എൻ നായരാണ് ചിത്രങ്ങൾ പങ്കുവച്ചത്. “പ്രിയപ്പെട്ട മിന്നൽ ബേസിലിനും എലിസബത്തിനും വോൾവോ എക്‌സ് സി 90 യുടെ സുരക്ഷിതത്ത്വത്തിൽ സുരഭില, മംഗള യാത്ര നേരുന്നു” എന്നാണ് ബൈജു എൻ നായർ കുറിച്ചത്. അനവധി ആരാധകരും ചിത്രത്തിനു താഴെ ആശംസകളറിയിച്ചിട്ടുണ്ട്.

ബേസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മിന്നൽ മുരളി’ പുറത്തിറങ്ങിയിട്ട് ഡിസംബർ 24 ാം തീയതി ഒരു വർഷമായി. സംവിധാനത്തിനു ഇടവേള കൊടുത്ത് അഭിനയത്തിലാണ് താരം ശ്രദ്ധ കേന്ദ്രകരിച്ചിരിക്കുന്നത്. ‘കഠിന കഠോരമീ അണ്ഡകടാഹം’, ‘എങ്കിലും ചന്ദ്രികേ’ എന്നിവയാണ് ബേസിലിന്റെ പുതിയ ചിത്രം.