​ഗാലറിയും ആവേശം, ചെന്നൈ സൂപ്പർ കിങ്‌സിന്റെ കളി കാണാനെത്തി മമിത ബൈജു ​; പ്രിയ താരത്തെ കണ്ട ആവേശത്തിൽ ആരാധകർ

ഐപിഎല്ലിലെ തുടർച്ചയായ തോൽവിക്ക് ശേഷം വീണ്ടും വിജയപാതയിൽ ചെന്നൈ സൂപ്പർ കിങ്സ് എത്തിയപ്പോൾ ആ വിജയം നേരിട്ട് കാണാൻ നടി മമിത ബൈജു ഗ്യാലറിയില്‍ ഉണ്ടായിരുന്നു. ‘പ്രേമലൂ’ എന്ന ഒറ്റ സിനിമ കൊണ്ട് തെന്നിന്ത്യയുടെ പുത്തൻ ക്രഷ് ആയി മാറിയ മമിത ചെന്നൈ സൂപ്പർ കിങ്‌സ് ആരാധികയാണ്.

സഹോദരൻ മിഥുൻ ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയിൽ കളികാണാനെത്തിയത്. കളികാണാനെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. എംഎസ് ധോണിയുടെ കടുത്ത ആരാധികയായ താരം ഇൻസ്റ്റ​ഗ്രാമിലൂടെ ധോണിയുടെയും ടീമിന്റെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്താണ് മമിതയുടെ തുടക്കം. മികച്ച അഭിനയം കാഴ്ചവയ്ക്കാൻ കെൽപ്പുള്ള ചുരുക്കം യുവനായികമാരിലൊരാളാണ് ഇവർ. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ് നടിയെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.

മമിത സഹനായികയായി വന്ന സൂപ്പർ ശരണ്യ മലയാളത്തിൽ വലിയ ഹിറ്റായിരുന്നു. അഭിനയത്തിനൊപ്പം തന്നെ താരം മോഡലിങ്ങിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങാണ് താരത്തിനുള്ളത്.

തമിഴിൽ നായികയായി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മമിത. ജിവി പ്രകാശ് കുമാർ നായകനാവുന്നു റിബൽ ആണ് താരത്തിന്റെ ആദ്യ കോളിവുഡ് ചിത്രം. രാക്ഷസൻ എന്ന ചിത്രത്തിന്റെ സംവിധായകൻ റാം കുമാർ ഒരുക്കുന്ന ചിത്രത്തിലും മമിതയാണ് നായികയാവുന്നത്.