എന്റെ അമ്മയെപോലെ തന്നെ ആയിരുന്നു ഏട്ടന്റെ അമ്മ, മൂന്നുപിള്ളേരുടെ പ്രസവവും, പ്രസവരക്ഷയും നോക്കിയത് ഏട്ടന്റെ അമ്മയാണ്, അമ്മമാരെെക്കുറിച്ച് ആനി

ബാലചന്ദ്ര മേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തി. വളരെ കുറച്ച് കാലം മാത്രമാണ് ആനി സിനിമലോകത്ത് ഉണ്ടായിരുന്നതെങ്കിലും മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

മമ്മൂട്ടിയുടെ നായികയായി നടി അഭിനയിച്ച മഴയത്തും മുൻപേ ആനിയ്ക്ക് നിറയെ പ്രേക്ഷകപ്രീതി നേടികൊടുത്ത ചിത്രമാണ്. ചിത്രത്തിൽ നെഗറ്റീവ് ക്യാരക്ടർ ആയും, നായികാ പ്രാധാന്യമുള്ള ക്യാരക്ടർ ആയും തിളങ്ങാൻ ആനിയ്ക്ക് സാധിച്ചിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കവെയായിരുന്നു സംവിധായകൻ ഷാജജി കൈലാസുമായി ആനി പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം നടക്കുന്നതും. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി.

മുൻപൊരിക്കൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചെറുപ്രായത്തിൽ അമ്മയെ നഷ്ടമായതിനെക്കുറിച്ച് ആനി വാചാലയായത്. ജീവിതത്തിൽ ഒരുപാട് മിസ് ചെയ്ത ഒരു വാക്ക് ആണ് അമ്മ. പതിമൂന്നുവയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്. ശരിക്കും നല്ല ഒരു നിമിഷം ഒന്നും അമ്മയ്‌ക്കൊപ്പം ജീവിതത്തിൽ ഉണ്ടായിട്ടില്ല. അമ്മയെ ഒന്ന് കെട്ടിപിടിക്കാനോ, ഒന്ന് ഉമ്മ വയ്ക്കാനും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അത് ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. അതിനി ചെയ്യണം എന്നുണ്ടെങ്കിൽ കൂടിയും എനിക്ക് അതിനു സാധിക്കില്ല എന്ന് അറിയാം.

നമ്മുടെ അവസാന ശ്വാസം വരെ അമ്മ കൂടെയുണ്ടാകണം. എന്റെ ജീവിതത്തിൽ അത് തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ്. ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്റെ അമ്മയോട് ഒരുപാട് ഒരുപാട് സംസാരിക്കണം എന്ന്. അത് ഒരിക്കലും സാധിച്ചിട്ടില്ല. ഞാൻ ഇന്ന് ഏതുസ്ഥാനമാണോ നേടിയത്, അത് എത്താൻ എന്റെ അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് അമ്മയുടെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും, ഞാൻ അത് എത്തിയത് കാണാൻ അമ്മയില്ലല്ലോ എന്ന സങ്കടവും ഉണ്ട്.

അമ്മ ഇല്ലാഞ്ഞതിന്റെ ദുഃഖം ഞാൻ അധികം അറിയാതെ ഇരുന്നത് ഏട്ടന്റെ അമ്മയെ കിട്ടിയപ്പോഴാണ്. എന്റെ അമ്മയെപോലെ തന്നെ ആയിരുന്നു ഏട്ടന്റെ അമ്മ. എന്റെ മൂന്നുപിള്ളേരുടെ പ്രസവവും, എല്ലാം നോക്കി ചെയ്തത് ഏട്ടന്റെ അമ്മയാണ്. എന്റെ അമ്മ എന്തൊക്കെ ആണോ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ചെയ്തു തരുമായിരുന്നത് അതെല്ലാം ഏട്ടന്റെ അമ്മ എനിക്ക് വേണ്ടി ചെയ്തുതന്നു. എല്ലാ കാര്യങ്ങളും അമ്മയാണ് ചെയ്തുതന്നത്. പക്ഷെ അമ്മയും എന്നെ വിട്ടുപോയി. അമ്മ എന്ന വാക്ക് ഏതൊരു വ്യക്തി പറഞ്ഞുകേട്ടാലും എന്റെ ഹൃദയം ഇടിക്കും. അമ്മയില്ല എന്നൊരു വേദന ഒരു കുഞ്ഞുങ്ങൾക്കും ഉണ്ടാകാൻ പാടില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അമ്മ എന്ന രണ്ടക്ഷരം വളരെ വലിപ്പം ഏറിയതാണ്. ഞാൻ അത് ഒരുപാട് അറിഞ്ഞ ആളാണ്.