ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നു വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിനു വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതിനോടു പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെയാണ് അഭിരാമിയുടെ പോസ്റ്റ്.
വളരെ അര്‍ഹിക്കുന്ന, ചരിത്രപരമായ, തികച്ചും നേടിയെടുത്ത വിജയം, തൃശൂരിനു വേണ്ടി എസ്ജി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ ഞാന്‍ ഈ മനുഷ്യനെ സ്‌നേഹിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം ചെയ്യുന്നതും തുടര്‍ന്നു ചെയ്യുന്നതും എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തെ വളരെക്കാലമായി അറിയാം. ജനങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബമാണ്, അവരുടെ നന്മ അദ്ദേഹത്തിന്റെ നന്മയാണ്. ഞങ്ങളുടെ പ്രിയ അങ്കിളിന് ഒത്തിരി സ്‌നേഹവും ഉമ്മയും എന്നായിരുന്നു അഭിരാമിയുടെ കുറിപ്പ്.
പിന്നാലെ വിമര്‍ശനങ്ങളുമായി നിരവധി പേരെത്തി. ‘ഉള്ളിന്റെ ഉള്ളിലെ രാഷ്ട്രീയം തുറന്നു പറഞ്ഞതിന് നന്ദി. അണ്‍ഫോളോ ചെയ്യുന്നു’ എന്നാണ് ഒരാള്‍ കുറിച്ചത്. വേറെയും നിരവധി പേര്‍ വിമര്‍ശിച്ചതോടെ ദീര്‍ഘമായ പ്രതികരണക്കുറിപ്പുമായി അഭിരാമി രംഗത്തെത്തി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാഷ്ട്രീയം കടന്നുവരുന്നതായി തോന്നുന്ന ഈ ലോകത്ത് നമ്മുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളും ഇഷ്ടങ്ങളും അതില്‍ നിന്നു വേറിട്ട് നിര്‍ത്തുന്നത് കഠിനമായിരിക്കും. ഒരു പാര്‍ട്ടിയെയും പിന്തുടരാതെ രാഷ്ട്രീയമായി അവബോധമുള്ളവര്‍ക്ക് ആശംസകള്‍ എന്നു കുറിച്ചുകൊണ്ടാണ് ഗായികയുടെ കുറിപ്പ് ആരംഭിക്കുന്നത്.
രാഷ്ട്രീയത്തിന്റെ ആരവങ്ങള്‍ക്കപ്പുറം ഉയരുകയും വ്യക്തിപരമായ മൂല്യങ്ങളിലും വിശ്വാസങ്ങളിലും ഉറച്ചുനില്‍ക്കുകയും ചെയ്യേണ്ടതുണ്ട്. എനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട്, പക്ഷേ എന്റെ തെരഞ്ഞെടുപ്പുകളും ഇഷ്ടങ്ങളും ഏതൊക്കെയെന്നു നിര്‍ദേശിക്കാന്‍ ഒരു പാര്‍ട്ടിയെയും ഞാന്‍ അനുവദിക്കില്ല. പരസ്പരം ബഹുമാനിച്ചും മനസ്സിലാക്കിയും വ്യത്യസ്ത ആശയങ്ങള്‍ ഉള്ളവരുമായി സഹവസിക്കാനാണ് എന്റെ തീരുമാനം. എല്ലാത്തിനുമുപരി, സഹവര്‍ത്തിത്വത്തിന്റെ യഥാര്‍ഥ സത്ത അതല്ലേ?
എനിക്ക് താല്‍പര്യമുള്ള ഒരാളെ പിന്തുണച്ചതിന് എന്നെ വിധിക്കുകയും പിന്തുടരാതിരിക്കുകയും ചെയ്തവരോടു പോലും സമാധാനവും സ്‌നേഹവും പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഈ കുറിപ്പെഴുതുന്നത് ഒരു നല്ല സ്വാധീനം സൃഷ്ടിക്കാന്‍ വേണ്ടിയാണ്. അല്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയല്ല. അതിനാല്‍ നമുക്ക് ദയയും വിവേകവും പ്രചരിപ്പിക്കുന്നതു തുടരാം.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ ഒരു പ്രത്യേക മനുഷ്യനെ പിന്തുണച്ചതിന് എന്നെ വിലയിരുത്തുകയും പിന്തുടരാതിരിക്കുകയും ചെയ്ത എല്ലാവരോടും ഞാന്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നു, സമാധാനവും കലയും സ്‌നേഹവും പ്രചരിപ്പിക്കാന്‍ ഞാന്‍ ഇവിടെയുണ്ട്. ആരൊക്കെ എന്നോട് യോജിച്ചാലും വിയോജിച്ചാലും ഞാന്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. നമുക്കെല്ലാവര്‍ക്കും ഒത്തുചേരാം, നമ്മുടെ വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളാം. വെറുപ്പിനും വിഭജനത്തിനും പകരം സ്‌നേഹവും വിവേകവും പ്രചരിപ്പിക്കാം’, അഭിരാമി സുരേഷ് കുറിച്ചു.