മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട സംഗീതജ്ഞനാണ് ജാസി ഗിഫ്റ്റ്. ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ സജീവമല്ലാതിരുന്ന കാലത്ത് ലജ്ജാവതിയേ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാള പിന്നണി ഗാനരംഗത്ത് ജാസി ഗിഫ്റ്റ് സൃഷ്ടിച്ച വിപ്ലവം ഇന്നും വലുതാണ്.
കളിയാക്കലുകൾ ഒന്നും തന്റെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് ഗായകൻ. പരിഹാസങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി നിൽക്കാറാണുള്ളതെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലാണ് ജാസി ഗിഫ്റ്റ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ജീവിതത്തിൽ അന്നും ഇന്നും കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. ലജ്ജാവതി ഇറങ്ങുന്ന സമയത്തും കളിയാക്കലുകൾ നേരിട്ടുണ്ട്. എന്റെ ചെറുപ്പകാലത്താണ് ആ പാട്ട് ഇറങ്ങുന്നത്. ആ പാട്ടൊന്നും എന്നെയും കൂടെയുള്ളവരെയും ബാധിച്ചിട്ടില്ല. ആ പാട്ട് ഇറങ്ങിയതിന് ശേഷം നിരവധി അവസരങ്ങൾ ലഭിച്ചു. അതിന്റെ പുറകിൽ ആയിരുന്നതുകൊണ്ട്, കുറ്റങ്ങൾ പറയുന്നത് ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു. പ്രത്യേകിച്ച്, കീരവാണി സാറിനോടൊപ്പമൊക്കെ വർക്ക് ചെയ്യാൻ കഴിയുന്നത് ഭാഗ്യമാണ്. ആ സമയത്ത് മറ്റൊന്നും ശ്രദ്ധിക്കാൻ സമയമില്ലായിരുന്നെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞു.
കുഞ്ഞു നാളുകളിൽ ജാസി ഗിഫ്റ്റ് എന്ന പേരിലും കളിയാക്കലുകൾ ഉണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ അതൊക്കെയും മറന്നിരുന്നു. പിന്നെ, ഞാൻ ഒന്നും മനസിലേക്ക് എടുത്തു വക്കില്ല. ഇതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി നിൽക്കുകയാണ് പൊതുവെ ചെയ്യാറുള്ളത്. പണ്ടു മുതൽ ഇതൊക്കെ ജീവിത പാഠമായിരുന്നെന്നും അദ്ദേഹം പറയുന്നു.
ജീവിതത്തിൽ തനിക്ക് സന്തോഷം തരുന്നത് പാട്ടുകളാണെന്നാണ് താരം പറയുന്നത്. കൂടാതെ, ഇടയ്ക്ക് ഒരു പത്തു ദിവസമെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും മാറി നിൽക്കും. ഇതും മനസിന് സന്തോഷം തരുന്നൊരു കാര്യമാണെന്ന് ജാസി ഗിഫ്റ്റ് കൂട്ടിച്ചേർത്തു.