മമ്മൂട്ടിയല്ല മുഹമ്മദ് കുട്ടി, ഇവന്റെ ഒരു സിനിമയും കാണരുതെന്ന് സംഘപരിവാർ, ആ പരിപ്പ് ഇവിടെ വേവില്ലെന്ന് വി ശിവൻകുട്ടി

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. സംഘപരിവാർ അനുകൂല പ്രൊഫൈലുകളാണ് താരത്തിനെതിരെ വർഗീയ പരാമർശങ്ങൾ നടത്തുന്നത്. സംഘപരിവാർ അനുകൂല ഓൺലൈൻ മാധ്യമങ്ങളും മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിനു നേതൃത്വം നൽകുന്നു. മറുനാടൻ മലയാളിയിൽ വന്ന ഒരു അഭിമുഖമാണ് മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് തുടക്കമിട്ടത്.

മമ്മൂട്ടി അഭിനയിച്ച ‘പുഴു’ എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ മുൻ ജീവിതപങ്കാളി ഷർഷാദ് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലെ ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ജാതി രാഷ്ട്രീയത്തിനെതിരെ ശക്തമായി സംസാരിച്ച സിനിമയായിരുന്നു പുഴു. ഇത്തരത്തിലൊരു സിനിമ ചെയ്യാൻ മമ്മൂട്ടി അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഷർഷാദ് പറഞ്ഞത്. ഹൈന്ദവരെ മോശക്കാരാക്കാൻ വേണ്ടി മമ്മൂട്ടി മനപ്പൂർവ്വം ചെയ്ത സിനിമയാണ് പുഴുവെന്ന തരത്തിൽ സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ പിന്നീട് വർഗീയ പ്രചരണം നടത്തുകയായിരുന്നു.

മമ്മൂട്ടി വെറും മുഹമ്മദ് കുട്ടി മാത്രമാണെന്നും മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും സിനിമകൾ കാണരുതെന്നും സംഘപരിവാർ അനുകൂലികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റായി ചിത്രീകരിച്ചും നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം ടർബോ ബഹിഷ്‌കരിക്കാനും സോഷ്യൽ മീഡിയയിൽ സംഘപരിവാർ പ്രൊഫൈലുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. ‘ ആ പരിപ്പ് ഇവിടെ വേവില്ല…മമ്മൂട്ടി മലയാളിയുടെ അഭിമാനം’ എന്നാണ് താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വി.ശിവൻകുട്ടി കുറിച്ചത്.