ശോഭനയുടെ മകൾ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു മുഖമുണ്ട്. അമ്മയുടെ മടിയിൽ ഇരുന്ന് ചോറൂണ് ചടങ്ങിൽ പങ്കെടുക്കുന്ന ഓമനത്തമുള്ള ഒരു കുഞ്ഞിന്റെ ചിത്രമായിരിക്കും അത്. അരികിൽ ശോഭനയുടെ അമ്മയും കൂടിയുള്ള ആ ചിത്രത്തിലാണ് നടി ശോഭന ദത്തെടുക്കലിലൂടെ ഒരു പെൺകുഞ്ഞിന്റെ അമ്മയായ വിവരം ലോകമറിഞ്ഞത്
ഈ ചിത്രത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന കാര്യം ഓർക്കേണ്ടിയിരിക്കുന്നു. നാരായണി വളർന്നു. ഇടയ്ക്ക് അമ്മയ്ക്കൊപ്പം വേദിയിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. സാരി ചുറ്റിയുള്ള ചിത്രങ്ങളിലാണ് ശോഭനയുടെ മകൾ പലപ്പോഴും അവർക്കൊപ്പം ഉണ്ടാവുക.
കഴിഞ്ഞ മാതൃദിനത്തിൽ ശോഭനയും മകളും കൂടി നൃത്തം ചെയ്യുന്ന ഒരു വീഡിയോ ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. ഇതിലും സാരി ചുറ്റി നാരായണി അമ്മയ്ക്കൊപ്പം ഡാൻസ് ചെയ്യുന്നു. ക്ളാസിക്കൽ നൃത്തത്തിൽ പകരംവെക്കാനില്ലാത്ത നർത്തകിയാണ് ശോഭന എന്നിരിക്കെ, നാരായണിക്കൊപ്പം പിടിച്ചു നിൽക്കണമെങ്കിൽ വെസ്റ്റേൺ പൊടിക്ക് അറിഞ്ഞിരിക്കണം
ശോഭന പോലും നാരായണിയുടെ ഒപ്പം വെസ്റ്റേൺ നൃത്തം ചെയ്യാൻ അൽപ്പം കഷ്ടപ്പെടുന്നത് ഈ വീഡിയോയിൽ നിന്നും മനസിലാക്കാം. എന്നാലും നൃത്തം കഴിഞ്ഞ ശേഷം അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന അനന്തനാരായണിയെ കാണാം .മകളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കുന്ന ശീലമില്ല ശോഭനയ്ക്ക്. നാരായണിയുടെ കുട്ടിക്കാലം മുഴുവനും വളരെ വേണ്ടപ്പെട്ടവരുടെ പരിപാടികൾക്ക് മാത്രമേ അവർ മകളെ ഒപ്പം കൂട്ടി പോയിക്കണ്ടിട്ടുള്ളൂ. 2011ലാണ് ശോഭന പെൺകുഞ്ഞിനെ ദത്തെടുത്തത്
അങ്ങനെയെങ്കിൽ നാരായണിക്ക് 15 വയസിൽ താഴെ മാത്രമേ പ്രായമുണ്ടാകൂ. ദത്തെടുക്കുന്ന വേളയിലെ നാരായണിയുടെ പ്രായം വ്യക്തമല്ല എങ്കിലും, കൈക്കുഞ്ഞായിരുന്ന പ്രായത്തിലാണ് മകൾ ശോഭനയുടെ ഒപ്പം കൂടുന്നത്.