അയർലൻഡിലെ ഗതാഗത മന്ത്രിക്കൊപ്പമുള്ള ഹണി റോസിന്റെ സെൽഫി ഏറെ വൈറലായിരുന്നു. ഇപ്പോൾ അതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ചിരിയും പേടിയും ഒരുപോലെ വന്ന സെൽഫി ആയിരുന്നു അത്. അയർലൻഡിലെ മൈൻഡ് എന്ന എൻജിഒ സംഘടനയുടെ സേവനപ്രവർത്തനങ്ങൾ കൂടി മുന്നിൽ കണ്ടായിരുന്നു ആ പരിപാടി. അവിടുള്ള മലയാളികളെയെല്ലാം ക്ഷണിച്ച്, ഇന്ത്യൻഫെസ്റ്റ് എന്ന രീതിയിലാണു സംഘടിപ്പിച്ചത്. ഞാനും ഒരു ഗസ്റ്റ് ആയിരുന്നു.
അയർലൻഡിലെ മന്ത്രിമാരും മേയർമാരും ഒക്കെ പങ്കെടുത്തു. അപ്പോഴാണു ഗതാഗതമന്ത്രി ജാക്ക് ചാമ്പേഴ്സ് സെൽഫിയെടുത്തത്. അദ്ദേഹമതു സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. ഞാനതു ഷെയർ ചെയ്തതോടെ വൈറലായി.
അതിന് താഴെ വന്ന കമന്റുകൾ വായിച്ചാൽ ചിരിച്ചു പോകും. ‘ജാക്കേട്ടാ സുഖമാണോ,’ ‘എന്റെ മകളുടെ പിറന്നാളാണ് ആശംസ പറയാമോ’ തുടങ്ങി പലതരം കമന്റുകൾ. അദ്ദേഹം ഇതെങ്ങാനും ഗൂഗിൾ ട്രാൻസലേറ്റ് ചെയ്തു വായിക്കുമോ എന്നോർത്തായിരുന്നു എനിക്കു പേടി- ഹണി റോസ് പറഞ്ഞു.
യുവ നടിമാർക്കിടയിൽ വലിയ ആരാധകരുള്ള താരമാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് സിനിമകളിലോ പരിപാടികളിലോ സജീവമായിരുന്നില്ല. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയ താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇപ്പോൾ സിനിമയിലും ഉദ്ഘാടന വേദികളിലുമെല്ലാം നിറസാന്നിധ്യമാണ് ഹണി.