എനിക്ക് എയ്ഡ്സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം, ഒറ്റപ്പെടുത്തി, ദുരനുഭവം തുറന്നു പറഞ്ഞ് ജുവൽ മേരി

തന്റെ പ്രണയതകര്‍ച്ചയെ കുറിച്ചും അതിലൂടെ തനിക്ക് അനുഭവിക്കേണ്ട ഒറ്റപ്പെടലുകളെ കുറിച്ചും മനസ് തുറന്ന് അവതാരകയും നടിയുമായ ജുവല്‍ മേരി. പ്രണയ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ മൂലം തനിക്ക് സ്‌കൂള്‍ മാറേണ്ടി വന്നെന്നും എന്തോ എയ്ഡ്സ് വന്നപോലെ ആയിരുന്നു ആളുകളുടെ പെരുമാറ്റമെന്നും ജുവല്‍ മേരി പറഞ്ഞു.

ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്. ഇമോഷണലി ആഴത്തില്‍ ചെന്നിറങ്ങിയ പ്രണയങ്ങള്‍ കുറവാണ്. പ്രണയം നഷ്ടപ്പെട്ടതോര്‍ത്ത് വേദനിച്ച നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. മാനസികമായി തളര്‍ന്ന് സ്‌കൂളില്‍ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്‌കൂളില്‍ നിന്നു തന്നെ പോകേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്.

പതിമൂന്നാമത്തെ വയസിലൊക്കെ ഒരുപാട് മനസികമായി തളര്‍ന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നത്തെ പ്രേമമൊക്കെ വലിയ സംഭവമാണ്. നാട്ടിലും വീട്ടിലും എല്ലാവരും നമ്മളെത്തന്നെ ഉറ്റുനോക്കും. എന്തോ എയ്ഡ്സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം.

അന്ന് ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്. അതാണ് സ്‌കൂള്‍ മാറാന്‍ കാരണമായത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ പതിമൂന്ന് വയസുള്ള എന്നോട് ഭയങ്കര അടങ്ങാത്ത സ്നേഹമാണ്. കാരണം ഇതെല്ലാം അതിജീവിച്ച് ഞാന്‍ ഇവിടെ വരെ എത്തിയല്ലോ എന്നോര്‍ത്ത്- മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ ജുവല്‍ മേരി പറഞ്ഞു.