വിവാഹം കഴിഞ്ഞ് മൂന്നാം മാസം ബേബി ഷവര്‍ നടത്തി എന്ന പേരില്‍ യൂട്യൂബ് ചാനലുകള്‍ നടത്തുന്ന വ്യക്തിഹത്യ തമ്പ്നെയിലുകള്ക്കെതിരെ നടി ഷംന കാസിം. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഷംന ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനമാണ് ഷംന വിവാഹിതയായത്. തുടര്‍ന്ന് ഉടന്‍ തന്നെ ബേബി ഷവര്‍ ചിത്രങ്ങളും പുറത്തുവന്നതിനെ തുടര്‍ന്ന് ചില യുട്യൂബ് ചാനലുകള്‍ നിരവധി കഥകള്‍ മെനഞ്ഞ് റീച്ച് വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഷംന ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
കുറേ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനു ശേഷം ലിവിംഗ് ടുഗെതര്‍ ആയിരുന്നു.
നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്.
അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം. കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണം അതാണ്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാനെന്റെ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും ഷംദ തന്റെ ചാനലിലൂടെ പുറത്തുവിട്ട വീഡിയേയില്‍ പറയുന്നു.