രാത്രി മുഴുവൻ കുഞ്ഞിനെയും എടുത്തു ഉറങ്ങാതിരുന്നു, കിടത്തിയാൽ ഉടൻ കരച്ചിൽ തുടങ്ങും, പ്രസവശേഷമുണ്ടായ ഡിപ്രഷനെക്കുറിച്ച് ശിവദ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. വിവാഹ ശേഷവും സിനിമകളിൽ സജീവമാണ് നടി. ഭർത്താവിനും മകൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുമ്പോഴും കരിയറിൽ നടി തിളങ്ങി നിൽക്കുകയാണ്. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിൽ നായികയായാണ് ശിവദയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകമാണ് ശിവദയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. ലൂസിഫറാണ് താരം അവസാനം അഭിനയിച്ചത്.

2015 ഡിസംബറലായിരുന്നു മുരളി കൃഷ്ണനെ വിവാഹം കഴിക്കുന്നത്. സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി. വിവാഹ ശേഷം കുടുംബവും സിനിമ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ് താരം. 2019 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച ശേഷവും സിനിമയിലും സീരിയലിലും സജീവമാണ് താരം. അരുന്ധതി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. മകളുടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് ശിവദ രംഗത്ത് എത്താറുണ്ട്.
ഇപ്പോളിതാ ശിവദയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

പ്രസവകാലമുള്ള ഡിപ്രഷനെക്കുറിച്ച് സ്ത്രീകൾക്ക് ധാരണ ഉണ്ടാകാൻ സഹായകമാകും എന്നു കരുതിയാണ് അത് തുറന്നു പറഞ്ഞത്. പൊതുവേ ആളുകൾ പ്രസവകാലത്തെ സന്തോഷകരമായ സമയമായാണ് പറയാറുള്ളത്. പക്ഷേ സ്ത്രീകൾ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണത്. പ്രസവിക്കാൻ പോകുന്ന അന്ന് പോലും എനിക്ക് ഛർദി ഉണ്ടായിരുന്നു. എല്ലാ മാസവും ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നിട്ടുണ്ട്.

കുഞ്ഞു വന്നശേഷം പാൽ കെട്ടി നിൽക്കുന്ന പ്രശ്നങ്ങളുണ്ടായി, ക്രാക്ക്ഡ് നിപ്പിൾ ഉണ്ടായി. രാത്രി മുഴുവൻ കുഞ്ഞിനെയും എടുത്തു കൊണ്ട് ഉറങ്ങാതിരിക്കേണ്ടി വന്നിട്ടുണ്ട്. കിടത്തിയാൽ ഉടൻ കരച്ചിൽ തുടങ്ങും. അതുകൊണ്ട് മറ്റു വഴികളില്ല. പിറ്റേന്നു രാവിലെ കൈകൾ അനക്കാൻ കഴിയാത്ത വിധത്തിലായി വന്നിട്ടുണ്ടെന്നും ശിവദ പറഞ്ഞു.

മുരളിയുടെയും വീട്ടുകാരുടെയും പിന്തുണ ഉണ്ടായിരുന്നിട്ട് പോലും താൻ വിഷാദത്തിലായി. നല്ല കുടുംബം ഇരുവശത്തും ഉണ്ടായതു കൊണ്ടു മാത്രമാണ് അത് വളരെ വേഗം കുറഞ്ഞത്. വിഷാദം തന്നെ ബാധിക്കുന്നുണ്ട് എന്ന് മനസിലായപ്പോൾ മുതൽ അത് മാറ്റാനായി ആക്റ്റീവ് ആയിരിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നും ശിവദ പറയുന്നു.

കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ഞാനും ഉറങ്ങും യോഗ ചെയ്യും. എന്റേതായ സമയം കണ്ടെത്താനും ശ്രദ്ധിച്ചിരുന്നു. നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾക്കു വേണ്ടി ആയിരിക്കണം ആ സമയം ഉപയോഗിക്കേണ്ടത്. വെറുതേ ഇരിക്കുന്നതു പോലും ചിലപ്പോൾ അപ്പോൾ സന്തോഷമായിരിക്കും. ഇതെല്ലാം പ്രസവവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ ആണെങ്കിലും പിന്നീട് അതൊക്കെ സന്തോഷമായി മാറും. രാവിലെ കിട്ടുന്ന കൊഞ്ചിയുള്ള ഗൂഢമോണിങ്, മകളുടെ കെട്ടിപ്പിടുത്തം, കുഞ്ഞുമ്മകൾ, ജോലി കഴിഞ്ഞു നമ്മൾ വരുമ്പോഴുള്ള അവളുടെ മുഖത്തെ സന്തോഷം ഇതെല്ലാം തരുന്ന ആനന്ദങ്ങൾക്ക് അളവില്ലെന്നും ശിവദ പറഞ്ഞു.