മലയാള സിനിമയിലെ പവര്‍ഫുള്‍ കപ്പിള്‍ ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണ രംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ.
പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയും ആരാധകർക്ക് സുപരിചിതയാണ്. അല്ലിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്ക് സുപ്രിയ പങ്കുവയ്ക്കാറുണ്ട്. മകളെ ആർത്തവത്തെ കുറിച്ച് ബോധവത്കരിക്കാൻ തന്നെ സഹായിച്ച ഒരു പുസ്തകത്തെ കുറിച്ച് സുപ്രിയ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘മെൻസ്ട്രുപീഡിയ’ എന്ന പുസ്തകത്തെ കുറിച്ചാണ് സുപ്രിയയുടെ കുറിപ്പ്.
“എനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ, ആർത്തവത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചും എനിക്ക് അറിവില്ലാത്തതിനാൽ എന്തോ മാരകമായ അസുഖം ബാധിച്ച് മരിക്കുകയാണെന്ന് ഞാൻ കരുതി! അതിനാൽ, അല്ലി അതേ കുറിച്ച് അറിയാതെ പോവരുതെന്നും അവളുടെ സമപ്രായക്കാരിൽ നിന്നും പാതി ബേക്ക് ചെയ്ത വിവരങ്ങൾ മാത്രം മനസ്സിലാക്കരുതെന്നും ഞാൻ ആഗ്രഹിച്ചു. പ്രായപൂർത്തിയാകുന്നതും അതുവഴി വരുന്ന മാറ്റങ്ങളും ചെറിയ കുട്ടികളോട് സംസാരിക്കുക ബുദ്ധിമുട്ടുള്ള വിഷയമാണ്.
അല്ലിയോട് അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആർത്തവത്തെക്കുറിച്ചുള്ള ആശയം വിശദീകരിക്കാനും അവളെയത് മനസ്സിലാക്കിക്കാനും ഈ പുസ്തകം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കായി സമാനമായ ഒരു പുസ്തകമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ഞാൻ അത് പര്യവേക്ഷണം ചെയ്തിട്ടില്ല. ആൺകുട്ടികളുടെ പുസ്തകത്തിനായി ഞാൻ ചിത്രം ചേർത്തിട്ടുണ്ട്. നമുക്ക് ആർത്തവത്തെക്കുറിച്ച് സംസാരിക്കാം, നമ്മുടെ കുട്ടികൾക്ക് അത് സാധാരണമാക്കാം!,” എന്നാണ് സുപ്രിയ കുറിച്ചത്.