പുതിയ ചിത്രവുമായി മലയാളത്തിൽ ചുവടുറപ്പിക്കാൻ ബോളിവുഡ് ഗ്ലാമർ നായിക സണ്ണി ലിയോൺ. ഇതുവരെ പേര് തീരുമാനിക്കാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. അണിയറ പ്രവർത്തകർക്കൊപ്പം മുഹൂർത്ത പൂജ നടത്തുന്ന വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മുൻപ് മമ്മൂട്ടി നായകനായ മധുരരാജയിലെ ഒരു ഗാനരംഗത്തിൽ സണ്ണി ലിയോൺ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് പാൻ ഇന്ത്യൻ സുന്ദരി എന്ന മലയാളം വെബ്സീരീസിലും താരം അഭിനയിച്ചു.
ഇപ്പോഴിതാ മലയാളം സിനിമയിലേക്ക് ‘റീ എൻട്രി’ നടത്തുകയാണ് സണ്ണി ലിയോൺ. ‘മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ ആവേശത്തിലാണ്’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് ദേശിയ പരസ്കാര ജേതാവ് സന്ദീപ് പാമ്പള്ളിയാണെന്നാണ് റിപ്പോർട്ട്.
‘ജിസം 2’, ‘ജാക്ക്പോട്ട്’, ‘ഷൂട്ടൗട്ട് അറ്റ് വഡാല’, ‘രാഗിണി എംഎംഎസ് 2’ തുടങ്ങിയ ചിത്രങ്ങളിലെ സണ്ണി ലിയോണിന്റെ പ്രകടനങ്ങൾ ശ്രദ്ധനേടിയിരുന്നു. ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരം, അടുത്തിടെ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘കെന്നഡി’യിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കാൻ ഫിലിം ഫെസ്റ്റിവൽ, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ തുടങ്ങിയ വിവിധ ചലച്ചിത്ര മേളകളിൽ ‘കെന്നഡി’ ശ്രദ്ധനേടി.