നികേഷ് കുമാറിന്റെ മാധ്യമ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നു, യുക്തിസഹമല്ലാത്ത പല ഇടതു നിലപാടുകളും ചർച്ചകളിൽ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ മാധ്യമ പ്രവർത്തനവും ഒരർത്ഥത്തിൽ രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നു. യുക്തിസഹമല്ലാത്ത പല ഇടതു നിലപാടുകളും ചർച്ചകളിൽ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. തന്റെ സഹപ്രവർത്തകരുമായുള്ള സംവാദത്തിൽ പാർടി വക്താക്കളേക്കാൾ ശക്തമായി അദ്ദേഹം പാർടി നിലപാടുകളെ ന്യായീകരിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് പണിക്കർ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ടു. അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല. അദ്ദേഹത്തിന്റെ മാധ്യമ പ്രവർത്തനവും ഒരർത്ഥത്തിൽ രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നു.

യുക്തിസഹമല്ലാത്ത പല ഇടതു നിലപാടുകളും ചർച്ചകളിൽ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. തന്റെ സഹപ്രവർത്തകരുമായുള്ള സംവാദത്തിൽ പാർടി വക്താക്കളേക്കാൾ ശക്തമായി അദ്ദേഹം പാർടി നിലപാടുകളെ ന്യായീകരിച്ചിട്ടുണ്ട്. എല്ലാത്തിനും പുറമേ പാർടിക്കായി മത്സരിച്ച ചരിത്രവും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, സിനിമകളെയും സ്കിറ്റുകളെയും ഓർമ്മിപ്പിക്കുമാറ്, കിണറ്റിൽ ഇറങ്ങിയ ചരിത്രവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ എന്നാണ് ഞാൻ കരുതുന്നത്. എതിരഭിപ്രായങ്ങൾ സഹിഷ്ണുതയോടെ കേൾക്കുന്നത് അദ്ദേഹത്തിന്റെ ഒരു നന്മയാണ്. ആ നന്മ ഇനി അദ്ദേഹത്തിന് കൂടുതലായി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം വി രാഘവന്റെ മകനായ നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ച നികേഷ് കുമാർ റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നാണ് പടിയിറങ്ങുന്നത്. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഎം അംഗമായി പ്രവർത്തിക്കും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ നികേഷ് കുമാര്‍ വ്യക്തമാക്കി.

ഒന്നാം പിണറായി വിജയൻ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ എം ഷാജിയോട് പരാജയപ്പെട്ടു.