വിവാഹം ഉടനെ ഉണ്ടാകും, കല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര്‍ നില്‍ക്കുന്നതുകൊണ്ട് ഡേറ്റ് സര്‍പ്രൈസായി അറിയിക്കും- റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിന് മുമ്പ് മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല റോബിന്‍. എന്നാല്‍ ബിഗ് ബോസിലൂടെ റോബിന്‍ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു. ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറാന്‍ റോബിന് സാധിച്ചിരുന്നു.

ബിഗ് ബോസിന് ശേഷവും റോബിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അത്യാഢംബര പൂര്‍വം നടന്ന വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.

ഈ വര്‍ഷം തങ്ങളുടെ വിവാഹമുണ്ടാകുമെന്നാണ് ഇരുവരും അടുത്തിടെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ വിവാഹ തീയതി പരസ്യപ്പെടുത്താത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. അവതാരക കെന്ന സണ്ണിയുടെ വെഡ്ഡിങ് റിസപ്ഷനില്‍ പങ്കെടുക്കാന്‍ ആരതി പൊടിക്കൊപ്പം റോബിന്‍ എത്തിയിരുന്നു. വേദിയിലെത്തി വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിക്കവെയാണ് തന്റെ വിവാഹത്തെ കുറിച്ച് റോബിന്‍ വാചാലനായത്.

നമ്മുടെ കല്യാണം ഉടനെ ഉണ്ടാകും. ഞാന്‍ അത് ഡേറ്റ് ഫിക്‌സായശേഷം സര്‍െ്രെപസായി പറയാം. കാരണം കല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര്‍ നില്‍ക്കുന്നുണ്ട്. അതുകൊണ്ട് വിവാഹ തിയ്യതി സമയം അടുക്കുമ്പോള്‍ പറയാം എന്നാണ് റോബിന്‍ പറഞ്ഞത്.