അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ വിവാഹത്തിനും മുൻകൈ എടുത്തത് സുരേഷ് ഗോപിയും കുടുംബവുമാണ്. വലിയ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെവരുന്ന പത്മരാജ് രതീഷ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയുടെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായി
വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ രതീഷും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. എന്നിരുന്നാലും അവർ തമ്മിലെ ബന്ധം ഏറെ ദൃഢവും ആഴത്തിലുള്ളതുമായിരുന്നു എന്ന് പത്മരാജ് ഓർക്കുന്നു. സിനിമാ കുടുംബം എന്ന് ഓർമപ്പെടുത്തുക കൂടി ചെയ്യാതെയാണ് രതീഷ് മക്കൾ നാലുപേരെയും വളർത്തിയത്. അച്ഛന്റെ മരണശേഷം സുരേഷ് കുമാർ അങ്കിളും സുരേഷ് ഗോപി അങ്കിളും അവരുടെ കുടുംബവുമാണ് തങ്ങളെ താങ്ങി നിർത്തിയത് എന്ന് പത്മരാജ് പറഞ്ഞു. സുരേഷ് ഗോപിയുടെ മക്കളും തങ്ങളും സഹോദരങ്ങളെ പോലെയെന്ന് പത്മരാജ് പറയുന്നു.
സിനിമയ്ക്ക് പുറത്തുള്ള കുടുംബം എന്നാണ് പത്മരാജ് സുരേഷ് ഗോപിയുടെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. ‘എന്റെ അമ്മയ്ക്കും സുരേഷ് ഗോപി അങ്കിൾ സഹോദരനായിരുന്നു. രാധിക ആന്റിയും അമ്മയും വളരെ അടുപ്പത്തിലായിരുന്നു. ഞങ്ങൾ നാട്ടിൽ വരുമ്പോൾ സുരേഷ് കുമാർ അങ്കിൾ, സുരേഷ് ഗോപി അങ്കിൾ എന്നിവരുടെ വീട്ടിൽ പോകുമായിരുന്നു. അച്ഛൻ പോയതിന് ശേഷം ഞങ്ങളെ താങ്ങി നിർത്തിയത് അവരാണ്. ഞങ്ങൾക്ക് അച്ഛനും അമ്മയും ഇല്ലെങ്കിലും അവരാണ് ഞങ്ങൾക്ക് അച്ഛനമ്മമാർ. ഞങ്ങളുടെ ഗോഡ്ഫാദേഴ്സ് ആണ് അവർ എന്നാണു ഞാൻ പറയാറ്.