യുവനടിമാരിൽ ശ്രദ്ധേയയായ മമിത ബൈജുവിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തിൽ മമിതയ്ക്ക് ആശംസകൾ നേർന്ന് നടി അഖില ഭാർഗവൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്ക്രീനിലെത്തിയത് അഖില ഭാർഗവൻ ആയിരുന്നു. ഇരുവരുടെയും കോമ്പോ പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു. “നീ ഒരുപാടൊരുപാട് സ്പെഷലാണ്. നമ്മുടെ ഗുഡ് മൊമന്റ്സുകളിലേക്ക് ഒരു എത്തിനോട്ടം, പശ്ചാത്തലത്തിൽ നമ്മുടെ പ്രിയപ്പെട്ട ഗാനം. ജന്മദിനാശംസകൾ,” എന്നാണ് അഖില കുറിച്ചത്. പ്രേമലു ലൊക്കേഷനിൽ നിന്നുള്ള നിരവധി ചിത്രങ്ങളും അഖില ഷെയർ ചെയ്തിട്ടുണ്ട്. പ്രേമലുവിൽ മമിതയ്ക്ക് ഒപ്പം നിറഞ്ഞുനിന്ന കഥാപാത്രമാണ് അഖിലയുടെ കാർത്തികയും.
അനുരാഗ് എഞ്ചിനീയറിംഗ് വർക്സ് എന്ന ടെലിഫിലിമിലൂടെയാണ് അഖില അഭിനയരംഗത്തെത്തിയത്. വിനീത് വാസുദേവ് സംവിധാനം ചെയ്ത പൂവൻ ആയിരുന്നു അഖിലയുടെ ആദ്യ സിനിമ. കണ്ണൂർ സ്വദേശിയായ അഖില വിവാഹിതയാണ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ രാഹുലാണ് പങ്കാളി.
അതേസമയം, അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ ‘സർവ്വോപരി പാലാക്കാരൻ’ ആണ് മമിതയുടെ ആദ്യ ചിത്രം. പിന്നീട് ഹണിബീ 2, ഡാകിനി, വരത്തൻ, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. എന്നാൽ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ചിത്രത്തിലെ സോന എന്ന കഥാപാത്രം മമിതയുടെ കരിയറിൽ ബ്രേക്കായി.