രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ട്, നമ്മൾ അത് എടുക്കേണ്ടയെന്ന് കരുതി മാറി നിന്നാലും വീണ്ടും എടുത്ത് തലയിലോട്ട് വച്ചുതരും- ​ഗോകുൽ സുരേഷ്

പിതാവ് സുരേഷ് ​ഗോപിയുടെ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ ഗോകുൽ. ഗഗനചാരിയുടെ പ്രമോഷന്റെ ഭാഗമായി വരുമ്പോൾ പോലും അച്ഛന്റെ രാഷ്ട്രീയ കാര്യങ്ങളാണ് പലരും ചോദിക്കുന്നതെന്ന് താരം പറഞ്ഞു. എപ്പോഴേങ്കിലും ഈ ഒരു രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് 100 ശതമാനം തോന്നിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘100 ശതമാനം രാഷ്ട്രീയ ജീവിതം ഭാരമായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ആ ഭാരം നമ്മളെ കൊണ്ട് എടുപ്പിക്കുകയാണ്. നമ്മൾ അത് എടുക്കേണ്ടയെന്ന് കരുതി മാറി നിന്നാലും വീണ്ടും എടുത്ത് തലയിലോട്ട് വച്ചുതരും. അത് കുറച്ച് ബുദ്ധിമുട്ടാണ്. ഞാൻ മാത്രമല്ല നിരവധി പേർ ഇതിന്റെ കരുവാകുന്നു. ബാക്കിയുള്ള സാഹോദരങ്ങൾ ഇതിൽ നിന്ന് കുറച്ച് മാറി നിൽക്കുന്നുണ്ട്. എല്ലാവരും കൂടി പറഞ്ഞ് ഓവർ ആവേണ്ടയെന്ന് കരുതിയിട്ടാണ്. തൽക്കാലം ഞാൻ മാത്രം അച്ഛന്റെ റോട്ട്‌വീലറായി നിൽക്കുന്നത്’, ഗോകുൽ സുരേഷ് പറഞ്ഞു.

സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾക്ക് കമന്റ് ഇടുന്നത് മാസ് എന്ന് കരുതിയല്ലെന്നും വളരെ വിഷമത്തേടെയാണ് കമന്റിടുന്നതെന്നും ഗോകുൽ പറഞ്ഞു. അത് പറഞ്ഞ് ചിരിക്കുമ്പോഴും തനിക്ക് വേദനയുണ്ടെന്ന് താരം വ്യക്തമാക്കി.