അടുത്തിടെ രാഷ്‌ട്രീയത്തിലും സിനിമയിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ. ഇതിനിടെ ഗണേഷ് കുമാറും സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഒരുമിച്ച് അഭിനയിക്കുന്ന ഗഗനചാരി എന്ന സിനിമ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ഗണേഷ് കുമാർ നടത്തിയ ചില പ്രതികരണങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമ കണ്ടു സുരേഷ് ഗോപി വിളിച്ചിരുന്നുവെന്നും അദ്ദേഹം അഭിനന്ദിച്ചുവെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഗോകുലിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവൻ കുഞ്ഞായിരിക്കുമ്പോൾ തൊട്ട് എനിക്കറിയാം. അവന്റെ ശരീരമേ വളർന്നിട്ടുള്ളൂ, കുഞ്ഞുങ്ങളുടെ മനസ്സാണ്. സുരേഷ് ഗോപി എന്റെ കൂടെ അഭിനയിക്കുന്നത് ആദ്യം യുവജനോത്സവത്തിലാണ്. ഞാനതിൽ ഒരു പോസിറ്റീവ് ക്യാരക്ടറും സുരേഷ് ഗോപി നെഗറ്റീവ് റോളിലും ആണ്. അന്നു തുടങ്ങിയ സൗഹൃദമാണ് ഞാനും സുരേഷും തമ്മിൽ. ഗോകുലി കുഞ്ഞിലെ മുതൽ എനിക്കറിയാം. എന്റെയൊപ്പം അഭിനയിക്കാൻ വന്നപ്പോൾ ഏറെ സന്തോഷം തോന്നി”.
ഗോകുൽ നല്ല രസമായി അഭിനയിക്കുന്നുണ്ട്. പാപ്പൻ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം ആണെങ്കിലും അവന്റെ പ്രസൻസ് ഫീൽ ചെയ്തു. നല്ല നടനാണ് ഗോകുൽ. ഗഗനചാരി വീട്ടിൽ വച്ചാണ് സുരേഷ് കണ്ടത്. അതുകഴിഞ്ഞ് എന്നെ ഫോൺ ചെയ്തു. ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു സിനിമ ചെയ്യുമ്പോൾ അതിന് അഭിനന്ദനങ്ങൾ ലഭിക്കുന്നു എന്നത് ഏതൊരു കലാകാരനെയും സംബന്ധിച്ച് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്”-ഗണേഷ് കുമാർ പറഞ്ഞു.