എല്ലാ വിശ്വാസങ്ങളെയും സ്വാഗതം ചെയ്യുന്ന സ്ഥലം, സുവര്‍ണ്ണ ക്ഷേത്രത്തില്‍ തൊഴുന്ന ചിത്രങ്ങൾ പങ്കിട്ട് ദുർ​ഗ കൃഷ്ണ

വിമാനം, പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി ദുർഗ്ഗ കൃഷ്ണ. ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട്. സോഷ്യല്‍ മീഡിയയില്‍ ദുര്‍ഗ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

ഇപ്പോഴിതാ, പഞ്ചാബിലെ അമൃത്‌സർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണ്ണക്ഷേത്രം സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പങ്കിടുകയാണ് താരം. സുവർണ്ണ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ഗുരുദ്വാരയിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്.

“സിഖ് മതത്തിൻ്റെ ഏറ്റവും വിശുദ്ധമായ ആരാധനാലയമായ ഹർമന്ദിർ സാഹിബിന്റെ ശാന്തമായ പ്രതിഫലനം. ഈ വാസ്തുവിദ്യാ വിസ്മയം സമത്വവും തുറന്ന മനസ്സും ഉൾക്കൊള്ളുന്നു, എല്ലാ വിശ്വാസങ്ങളെയും സ്വാഗതം ചെയ്യുന്നു.”ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ്ഗ കുറിച്ചു. നിര്‍മാതാവും ബിസിനസുകാരനുമായ അർജുൻ ആണ് ദുർഗയുടെ വരൻ.